Begin typing your search above and press return to search.
ഓണചിത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തീയറ്ററുകള്‍; കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി, അകലം പാലിച്ച് സൂപ്പര്‍താരങ്ങള്‍
2024ന്റെ ഓണം ബോക്‌സോഫീസില്‍ ആരു കൊണ്ടുപോകും? വര്‍ഷത്തിന്റെ ആദ്യ പകുതി മലയാള സിനിമയ്ക്ക് ചാകരയായിരുന്നെങ്കില്‍ ജൂണ്‍ മുതല്‍ കാര്യങ്ങള്‍ ത്രിശങ്കുവിലാണ്. ഒരു ഹിറ്റ് പോലുമില്ലാത്ത നാലു മാസങ്ങള്‍ കടന്നു പോകുമ്പോഴാണ് ഓണമെത്തുന്നത്. ഇത്തവണത്തെ ഓണത്തിന് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളൊന്നുമില്ലെങ്കിലും പ്രതീക്ഷകള്‍ വാനോളമാണ്.
കുടുംബ പ്രേക്ഷകര്‍ കൂടുതലായി തീയറ്ററിലേക്ക് എത്തുന്ന സമയം കൂടിയാണ് ഓണക്കാലം. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതും മോശം സിനിമകളുടെ കുത്തൊഴുക്കും പ്രേക്ഷകരെ തീയറ്ററില്‍ നിന്നകറ്റി. സിനിമ താരങ്ങളോട് സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്ന മനോഭാവം മാറിയത് തീയറ്ററുകളിലും പ്രതിഫലിക്കുന്നുണ്ട്.
തമിഴ് സൂപ്പര്‍താരം വിജയ് നായകനായ ഗോട്ടിന് പോലും പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാനായില്ല. ആദ്യ ദിവസം താരതമ്യേന മികച്ച കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് ശോകമായിരുന്നു അവസ്ഥ. പരീക്ഷ കാലമായതും സിനിമ ശരാശരിക്ക് താഴെയാണെന്ന റിപ്പോര്‍ട്ട് വന്നതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.
സൂപ്പര്‍താര ചിത്രങ്ങളുമില്ല
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് അടക്കം സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്ലാതെയാണ് ഇത്തവണ ഓണം. മോഹന്‍ലാലിന്റെ 'ബറോസ്' മമ്മൂട്ടിയുടെ 'ബസൂക്ക' എന്നിവയുടെ റിലീസ് നീട്ടുകയായിരുന്നു. ഹേമ കമ്മിറ്റി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബറോസും ബസുക്കയും റിലീസിംഗ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ പുറത്തിറങ്ങിയ 'വാഴ' എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കളക്ഷന്‍ ഇടിഞ്ഞു. പ്രേക്ഷകരുടെ അതൃപ്തി കൃത്യമായി മനസിലാക്കി ചില ചിത്രങ്ങള്‍ വൈകിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനം എടുത്തിട്ടുണ്ട്.
യുവതാരങ്ങളാണ് ഇത്തവണ ഓണ റിലീസുകളുമായി രംഗത്തുള്ളത്. ടൊവീനോ തോമസ്, ആസിഫലി, ആന്റണി പെപ്പേ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഓണം റിലീസായിട്ടുണ്ട്. മൂന്നു വ്യത്യസ്ത റോളുകളില്‍ ടൊവീനോ തോമസ് എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രമാണ് കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റില്‍ എത്തുന്ന ഈ ചിത്രം ത്രീഡിയിലാണ് ആരാധകരിലേക്ക് എത്തുന്നത്. പ്രമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായും അണിയറക്കാര്‍ വലിയ തുക മുടക്കുന്നുണ്ട്. ആക്ഷനും ഫാന്റസിക്കും പ്രാധാന്യം നല്‍കുന്ന ഈ ചിത്രം ടൊവീനോയുടെ അന്‍പതാമത്തെ പ്രൊജക്ട് കൂടിയാണ്.
കടലിന്റെ പശ്ചാത്തലത്തില്‍ വരുന്ന ആന്റണി പെപ്പെയുടെ 'കൊണ്ടല്‍', ആസിഫലിയുടെ സസ്‌പെന്‍സ് ത്രില്ലര്‍ 'കിഷ്‌കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളും തീയറ്ററുകള്‍ക്ക് പ്രതീക്ഷയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് വീണ്ടും തീയറ്ററിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് മലയാള സിനിമ കൂപ്പുകുത്തും. ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനം ഇടിഞ്ഞതോടെ തീയറ്ററുകളില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ നേടുന്ന കളക്ഷനാണ് മലയാളം സിനിമയുടെ പ്രധാന വരുമാന മാര്‍ഗം.
തീയറ്ററിന് പകരം വിനോദയാത്രകള്‍
തീയറ്ററിലേക്ക് ആളുകള്‍ കയറാത്തതിന് മോശം സിനിമകളുടെ വരവിനൊപ്പം മറ്റ് പല കാരണങ്ങളുമുണ്ട്. കുടുംബ പ്രേക്ഷകര്‍ മുമ്പ് വിനോദം എന്ന നിലയില്‍ പ്രാധാന്യം കൊടുത്തിരുന്നത് തീയറ്ററില്‍ പോയി സിനിമ കാണുന്നതിനായിരുന്നു. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ പേരും വിനോദ യാത്രകള്‍ക്കും മറ്റുമാണ് സമയം കണ്ടെത്തുന്നത്. സിനിമകള്‍ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ഒ.ടി.ടിയിലും ചാനലുകളിലും വരുന്നതും ആളുകളുടെ മനോഭാവം മാറുന്നതിന് കാരണമായി.
ഓണത്തിനും വേണ്ടത്ര വരുമാനം നേടാന്‍ സാധിച്ചില്ലെങ്കില്‍ തീയറ്ററുകളുടെ നിലനില്‍പ്പിന് അതു തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ വൈദ്യുതി ചാര്‍ജും ജീവനക്കാരുടെ ശമ്പളവും കൊടുക്കാനുള്ള വരുമാനം പോലും തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി.
Next Story
Videos