ഗൂഗിളിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല

സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ഉപഭോക്തൃ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു
ഗൂഗിളിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
Published on

ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാന്‍ ഗൂഗിളിനോട് (GOOGLE) നിര്‍ദ്ദേശിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഗൂഗിളിനെ കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകള്‍ അധികാരപരിധിയിൽ അല്ലാത്തതോ  പ്രകടമായ പിഴവോടെയോ ആണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും ഉത്തരവ് പാലിക്കാന്‍ കോടതി ഗൂഗിളിന് ഒരാഴ്ചത്തെ സമയം നീട്ടിനല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ 97% സ്മാര്‍ട്ട്ഫോണുകളുലുമുള്ള ആന്‍ഡ്രോയിഡിന്റെ വിപണിയിലെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്തതിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കമ്പനിക്ക് വന്‍ തുക പിഴ ചുമത്തിയിരുന്നു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി രൂപ പിഴയുടെ 10 ശതമാനം നല്‍കണമെന്ന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (NCLAT) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണല്‍ നിരസിച്ചതില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഈ ഉത്തരവിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ദീര്‍ഘകാല ബിസിനസ് മോഡലിനെയും ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു. 2022 ഒക്ടോബറില്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ഒന്നിലധികം വിപണികളില്‍ ദുരുപയോഗം ചെയ്തതിനും കോംപറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 4 ലംഘിച്ചതിനുമാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ നേട്ടം ഗൂഗിള്‍ സ്വന്തമാക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ് കോംപറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com