വീടിന്റെ 60 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍ കൊടുക്കേണ്ട : ഗഡ്കരിയുടെ വൈറല്‍ വിഡിയോയുടെ സത്യാവസ്ഥയെന്ത്?

രാജ്യത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ പുതുക്കിയ ഫാസ്ടാഗ് ചട്ടങ്ങള്‍ നിലവില്‍ വന്നത് മിക്കവരും അറിഞ്ഞിരിക്കും. എന്നാല്‍ സ്വന്തം വീടിന്റെ 60 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍ കൊടുക്കേണ്ടതില്ലെന്ന വാര്‍ത്ത ആരെങ്കിലും കേട്ടിരുന്നോ? കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരില്‍ പുറത്തുവന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്താണ് ഇക്കാര്യത്തിലെ സത്യാവസ്ഥ.

സ്വന്തം വീടിന്റെ 60 കിലോ മീറ്റര്‍ ചുറ്റളവില്‍ ടോള്‍ കൊടുക്കേണ്ടതില്ലെന്ന് ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

എന്താണ് സത്യാവസ്ഥ
സത്യാവസ്ഥ മനസിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ 2022 മാര്‍ച്ച് 22ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിലേക്കാണ് എത്തിച്ചത്. 25 മിനിട്ടും 14 സെക്കന്റുമുള്ള വീഡിയോയില്‍, ടോള്‍ പ്ലാസക്ക് സമീപത്ത് താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രാപാസ് നല്‍കണമെന്ന എം.പിമാരുടെ നിര്‍ദ്ദേശത്തെക്കുറിച്ച് ഗഡ്കരി സംസാരിക്കുന്നുണ്ട്.
60 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് ടോള്‍ ബൂത്തുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന ചട്ടത്തെക്കുറിച്ചാണ് പിന്നീട് ഗഡ്കരി സംസാരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് മറുപടിയും വ്യത്യസ്ത സാഹചര്യങ്ങളിലുള്ളതാണ്. ഇവയെ ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വീഡിയോ ഉണ്ടാക്കുകയായിരുന്നു.
ആര്‍ക്ക് സൗജന്യം ലഭിക്കും
ദേശീയ പാതകളിലെ ടോള്‍ബൂത്തുകളില്‍ നിന്നും 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ പാസ് അനുവദിച്ചിരിക്കുന്നത്. ഒരു മാസം കാലാവധിയുള്ള പാസ് എടുത്താല്‍ ടോള്‍ ബൂത്തുകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാമെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.
Related Articles
Next Story
Videos
Share it