

ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുമെന്ന ഇറാന്റെ തീരുമാനത്തോട് വിയോജിച്ച് ഒമാന്‍. ഇത്തരമൊരു നീക്കത്തോട് അനുകൂലിക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഒമാനുമായി ചേര്‍ന്ന് ഹോര്‍മൂസില്‍ ടോള്‍ പിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രഖ്യാപനം. ടോള്‍ പിരിക്കാനുള്ള ഇറാന്റെ നീക്കം മേഖലയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ടോള്‍ ഏര്‍പ്പെടുത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവില്പന കുറയുമെന്ന ആശങ്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുണ്ട്. ഒമാനെയും ഇത് ബാധിക്കും. ഇതാണ് ഇറാന്റെ നീക്കത്തോട് തുടക്കത്തിലെ വിയോജിക്കാന്‍ ഒമാനെ പ്രേരിപ്പിക്കുന്നത്. അന്താരാഷ്ട്ര മാരിടൈം നിയമപ്രകാരം പ്രകൃതിദത്ത ജലപാതകളില്‍ നിന്ന് ടോള്‍ പിരിക്കുന്നത് അനുവദനീയമല്ല.
ടോള്‍ പിരിക്കാനുള്ള ഇറാന്റെ നീക്കത്തോട് യോജിക്കുന്നില്ലെന്നും ഹോര്‍മൂസിനെ സ്വതന്ത്രവും സുഗമവുമായ റൂട്ടായി നിലനിര്‍ത്തണമെന്നും ഒമാന്‍ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ഒമാന്റെ നീക്കത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഗള്‍ഫ് മേഖലയിലെ ഇറാന്റെ ഏക സൗഹൃദരാഷ്ട്രമാണ് ഒമാന്‍.
ടോളില്‍ നിന്ന് ലഭിക്കുന്ന പണം രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനും സുരക്ഷയ്ക്കുമായി വിനിയോഗിക്കുമെന്നാണ് ഇറാന്‍ നേരത്തെ അറിയിച്ചിരിക്കുന്നത്.
ഇറാന്റെ നീക്കം United Nations Convention on the Law of the Sea (UNCLOS) പ്രകാരം ചോദ്യം ചെയ്യപ്പെടും. ട്രാന്‍സിറ്റ് പാസേജ് (Transit passage) അവകാശ പ്രകാരം കപ്പലുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാം. ഇത്തരം ജലപാതകളില്‍ ഏകപക്ഷീയമായി ചുങ്കം പിരിക്കുന്നതിന് നിയമപരമായ തടസമുണ്ട്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ സാധ്യത.
ടോള്‍ നടപ്പിലായാല്‍ ഷിപ്പിംഗ് ചെലവ് കുത്തനെ കൂടും. ഇന്‍ഷുറന്‍സ് പ്രീമിയം (war risk premium) ഉയരും. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാനും സാധ്യത.
ഇന്ത്യ പോലെ ഇറക്കുമതി ആശ്രിത രാജ്യങ്ങള്‍ക്ക് നേരിട്ട് ആഘാതം. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വിലയിലും പ്രതിഫലിക്കും.
സൗദി അറേബ്യ, യു.എ.ഇ എന്നിവ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. എണ്ണ കയറ്റുമതി കുറയുമെന്ന ആശങ്കയാണ് പ്രധാന കാരണം. ഇറാന്‍-യുഎസ് ബന്ധം വീണ്ടും മോശമാകാം. ചെറിയ സംഘര്‍ഷം പോലും വലിയ വിപണി അസ്ഥിരതയ്ക്ക് കാരണമാകും.
ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തലിലേക്ക് നയിച്ചത് പാക്കിസ്ഥാന്റെ സമാധാനശ്രമങ്ങളാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ഇറാനെ സംബന്ധിച്ച് മേഖലയില്‍ വിശ്വാസമുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളെ ഇറാന്‍ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
പാക്കിസ്ഥാന്റെ നീക്കങ്ങളോട് അവര്‍ അനുകൂലമായും പ്രതികരിച്ചു. മറുവശത്ത് ട്രംപ് അധികാരത്തിലെത്തിയ ശേഷം പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്‍കൈ എടുക്കണമെന്ന താല്പര്യം ഇറാന്‍ പലകുറി അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ന്യൂഡല്‍ഹി തയാറായില്ല.