Begin typing your search above and press return to search.
സാമ്പത്തികശാസ്ത്ര നൊബേല്‍ ഇത്തവണ മൂന്നു പേര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തില്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ദാരോണ്‍ ഏയ്‌സ്‌മൊഗ്‌ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ. റോബിന്‍സണ്‍ എന്നിവര്‍ക്ക്.
കോളനിവാഴ്ചയിലായിരുന്നതും അല്ലാത്തതുമായ ചില രാജ്യങ്ങള്‍ വിജയം നേടുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്യുന്നതിനെ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം. സ്ഥാപനങ്ങളുടെ രൂപവല്‍ക്കരണം, അതിന് പുരോഗതിയിലുള്ള സ്വാധീനം എന്നിവയെക്കുറിച്ചും പഠനത്തില്‍ വിശദീകരിക്കുന്നു. നിയമവാഴ്ചയും സ്ഥാപന സംവിധാനവും മോശമായ സമൂഹങ്ങളില്‍ മെച്ചപ്പെട്ട മാറ്റമോ വളര്‍ച്ചയോ ഉണ്ടാകുന്നില്ല.
യൂറോപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളനിവല്‍ക്കരണം നടത്തിയപ്പോള്‍, ആ സമൂഹങ്ങളിലെ സ്ഥാപനങ്ങളില്‍ മാറ്റം സംഭവിച്ചു. എന്നാല്‍ എല്ലായിടത്തും അതേ രീതിയില്‍ അത് ഉണ്ടായില്ല. തദ്ദേശീയ ജനതയെ ചൂഷണം ചെയ്ത് വിഭവങ്ങള്‍ കയ്യടക്കുകയായിരുന്നു ചിലേടങ്ങളില്‍ ലക്ഷ്യം. ചിലേടത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക സാമ്പത്തിക സംവിധാനത്തിനാണ് രൂപം നല്‍കിയത്. യൂറോപ്യന്‍ കുടിയേറ്റക്കാരുടെ ദീര്‍ഘകാല നേട്ടത്തിനു വേണ്ടിയായിരുന്നു അത്. കോളനിവല്‍ക്കരണത്തിനു മുമ്പ് സമ്പന്നമായിരുന്ന ചില രാജ്യങ്ങള്‍ പിന്നീട് ദരിദ്ര മേഖലകളായി മാറിയത് എങ്ങനെയെന്നും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.
സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ താല്‍പര്യപ്രകാരം രൂപപ്പെടുത്തിയ അഞ്ച് നൊബേല്‍ പുരസ്‌കാരങ്ങളില്‍ പെടാത്ത ഒന്നാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍. സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കിന്റെ സംഭാവനയിലൂടെയാണ് ഇത് ഏര്‍പ്പെടുത്തിയത്. എന്നാല്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കുന്ന നടപടിക്രമം ഒന്നു തന്നെ. ഓരോ വര്‍ഷവും ഏറ്റവും ഒടുവിലായാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കുന്നത്.
Next Story
Videos