ജോലിക്ക് ആളെ വേണം, പക്ഷേ സൗത്ത് ഇന്ത്യന്‍സ് വേണ്ട! നോയിഡ കമ്പനിയുടെ പരസ്യം വിവാദത്തില്‍

പരസ്യത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്
we are hiring , mounee consulting company
image credit : canva , Linkedin , X
Published on

സൗത്ത് ഇന്ത്യക്കാരെ ജോലിക്ക് വേണ്ടെന്ന രീതിയില്‍ നോയിഡയിലെ കണ്‍സള്‍ട്ടിംഗ് കമ്പനി നല്‍കിയ തൊഴില്‍ പരസ്യം വിവാദത്തില്‍. കമ്പനിയിലെ ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. നാല് വര്‍ഷത്തെ തൊഴില്‍ പരിചയം അത്യാവശ്യം. വിവിധ യോഗ്യതകള്‍ക്കൊപ്പം ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും പരസ്യത്തില്‍ പറയുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വമ്പന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇത്തരം പ്രാദേശിക വാദം രാജ്യത്തിന് അപകടമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യത്തിന്റെ പേരിലാണ് സൗത്ത് ഇന്ത്യന്‍സിനെ മാറ്റി നിറുത്തുന്നതെന്നും ഇത് വിവേചനമാണെന്നും ചിലര്‍ പറയുന്നു. ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരാണ് സൗത്ത് ഇന്ത്യക്കാരെന്നും ഒരാള്‍ പറയുന്നു. മികച്ച വിദ്യാഭ്യാസം നേടിയ സൗത്ത് ഇന്ത്യക്കാര്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ളവര്‍, നല്ല രീതിയിലാണ് ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. നോയിഡ കമ്പനിയുടെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളും ഇത്തരത്തിലുള്ള പ്രാദേശിക വാദം തുടങ്ങിയാല്‍ രാജ്യത്തിന്റെ തൊഴില്‍ വിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

അതേസമയം, കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിട്ടില്ലെന്നുമാണ് കമ്പനി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. വിവാദമായ പോസ്റ്റ് പിന്‍വലിച്ചതായും കമ്പനി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com