

ലോകത്തെ മുന്‍നിര ഫോണ്‍ നിര്‍മാതാക്കളിലൊന്നായ നോക്കിയ ലോകവ്യാപകമായി വലിയതോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ 14,000ത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യം. മൊത്തം ജീവനക്കാരുടെ 20 ശതമാനം വരുമിത്.
ആഗോളതലത്തില്‍ 74,000 ജീവനക്കാര്‍ നോക്കിയയ്ക്കുണ്ട്. ഇതില്‍ 17,000 പേരാണ് ഇന്ത്യയിലുള്ളത്. ആഗോളതലത്തില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ തുടങ്ങിയ ടെക് കമ്പനികള്‍ വലിയതോതില്‍ തൊഴിലാളികളെ കുറയ്ക്കുകയോ പിരിച്ചുവിടലിന് തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്.
വരുമാനത്തിലുണ്ടായ കുറവും ആഗോള തലത്തിലെ മോശം കാലാവസ്ഥയുമാണ് പിരിച്ചുവിടലിലേക്ക് നയിക്കുന്നത്. നോക്കിയയുടെ ഇന്ത്യന്‍ വിഭാഗത്തിലും പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് വിവരം. ഏപ്രില്‍ ഒന്നുമുതല്‍ കമ്പനിയുടെ തലപ്പത്ത് നേതൃമാറ്റം അടക്കം കമ്പനി നടത്തിയിരുന്നു. സമര്‍ മിത്തലിനെ പുതിയ ഇന്ത്യ ബിസിനസ് ലീഡറായി അടുത്തിടെ നിയമിച്ചിരുന്നു.
നോക്കിയ കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വലിയതോതില്‍ കുറച്ചിരുന്നു. 2018 മുതലുള്ള കാലയളവില്‍ 30,000ത്തിലധികം പേരെയാണ് കുറച്ചത്. എട്ടുവര്‍ഷം മുമ്പ് കമ്പനിയില്‍ 1,03,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോഴത് 74,000ത്തിന് അടുത്താണ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ 500 പേരെയാണ് ഒഴിവാക്കിയത്.
യൂറോപ്പിലായിരിക്കും കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുക. ഗ്രീസ്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഓരോന്നിലും 1,400 പേര്‍ക്ക് അടുത്ത് തൊഴില്‍ നഷ്ടമാകും. ഫോണ്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ പുതിയ പ്ലാന്റ് നിര്‍മിക്കാനും നോക്കിയയ്ക്ക് പദ്ധതിയുണ്ട്.