

നോക്കൂകൂലി വാങ്ങില്ലെന്നും നിയമാനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്ന ചുമട്ടുതൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം കൊണ്ട് നോക്കുകൂലി ഇല്ലാതാകുമോ?
കേരളത്തില്‍ നോക്കൂകൂലി നിരോധിച്ച് ഉത്തരവിറക്കിയിട്ട് പോലും തുടച്ചുമാറ്റാന്‍ പറ്റാത്ത കാര്യം തൊഴിലാളികളുടെ സംയുക്ത പ്രഖ്യാപനം കൊണ്ടും ഇല്ലാതാകില്ലെന്ന് ബിസിനസ് സമൂഹം ചൂണ്ടിക്കാട്ടുന്നു. ''പകല്‍ക്കൊള്ളക്കാരായ നോക്കുകൂലി യൂണിയനുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേ ഉള്ളൂ. സാധനങ്ങള്‍ കയറ്റുകയും, ഇറക്കുകയും ചെയ്യാന്‍ ഓരോ സ്ഥലത്തും പ്രാദേശിക ചുമട്ടുതൊഴിലാളി സംഘങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കുത്തകാവകാശം എടുത്തുകളയുക. അവരുടെ സംഘങ്ങളും, ചുമട്ടുതൊഴിലാളി വെല്‍ഫയര്‍ ബോര്‍ഡും മറ്റും തുടരട്ടെ. പക്ഷേ ചുമടിറക്കാന്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന കുത്തകാവകാശം പിന്‍വലിച്ചേ തീരൂ,'' തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് മുന്‍ചെയര്‍മാനുമായ പി സി സിറിയക് അഭിപ്രായപ്പെടുന്നു.
ഏതാണ്ടെല്ലാ മേഖലകളിലും യൂണിയനുകളുണ്ടെങ്കിലും ആ രംഗത്തെ തൊഴിലാളികളെ വിളിക്കാന്‍ യൂണിയനുകളെ സമീപിക്കേണ്ടതില്ല. അതുപോലെ തന്നെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ വിളിക്കാന്‍ പറ്റുന്ന സാഹചര്യമാണ് കേരളത്തില്‍ വരേണ്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. '' ഡ്രൈവര്‍മാരുടെ യൂണിയനെ സമീപിച്ചാണോ നാം ഡ്രൈവറെ വിളിക്കുന്നത്. വീട്ടില്‍ മരപ്പണി നടത്താന്‍ അവരുടെ യൂണിയനില്‍ നിന്നാണോ തൊഴിലാളികളെ വിളിക്കുന്നത്. കയറ്റിറക്ക് മേഖലയിലെ ഈ കുത്തകാവകാശം ഉപയോഗിച്ചാണ് സാധാരണക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നത്. വന്‍ തുക വാങ്ങുന്നത്. ഈ കുത്തകാവകാശം എടുത്തുകളഞ്ഞാല്‍ മാത്രമേ ഇത് ഇല്ലാതാകു,'' പി സി സിറിയക് അഭിപ്രായപ്പെടുന്നു.
നോക്കൂകൂലി നിരോധിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും അത് പുല്ലുവിലയാണ് കേരളത്തില്‍ കല്‍പ്പിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ ഒരു പ്രവാസി സംരംഭകന്റെയും വി എസ് എസ് സിയിലെ ഉപകരണങ്ങള്‍ കൊണ്ടുവന്നപ്പോഴുമുണ്ടായ അനുഭവങ്ങളിലൂടെ കേരളം ഇത് കണ്ടതുമാണ്.
ചുമട്ട് തൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള സൂചന. കേരളത്തെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കാന്‍ വേണ്ടിയുള്ള നയങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ചുമട്ട് തൊഴിലാളി നിയമത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ''കേരളത്തില്‍ ഒരു സംരംഭം നടത്താന്‍ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ചെലവ് കൂടുതലാണ്. ഇവിടെ വേതന നിരക്ക് കൂടുതലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരേണ്ടി വരുന്നതിനാല്‍ ആ ഇനത്തിലും ചെലവുണ്ട്. നോക്കുകൂലി പോലുള്ള കാര്യങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റാതെ സംരംഭകര്‍ക്ക് ഇവിടെ നിലനില്‍ക്കാന്‍ പറ്റില്ല. അക്കാര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ എടുക്കണം,'' ഒരു സംരംഭകന്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine