

കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ച വഴിമുട്ടിയെന്ന് റിപ്പോര്‍ട്ട്. സാംസ്‌ക്കാരികവും വിശ്വാസ പരവുമായ കാരണങ്ങളാല്‍ അമേരിക്കയില്‍ നിന്നും പാല്‍ ഇറക്കുമതി നടക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയില്‍ പശുക്കള്‍ക്ക് മാംസ-രക്താവശിഷ്ടങ്ങള്‍ ചേര്‍ത്ത തീറ്റ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയിലേത് നോണ്‍ വെജ് പാലാണെന്നാണ് ഇന്ത്യയുടെ നിലപാട്. അല്ലെങ്കില്‍ പശുക്കള്‍ക്ക് മാംസാഹാരം നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കര്‍ഷകരെ സാരമായി ബാധിക്കുമെന്നതിനാല്‍ കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
രാജ്യത്തെ 8 കോടിയാളുകളുടെ ജീവിതോപാധിയാണ് ക്ഷീരമേഖല. മിക്കവരും ചെറുകിട കര്‍ഷകരാണ്. ഇക്കാരണത്താലും അമേരിക്കയില്‍ നിന്നുള്ള പാല്‍ ഇറക്കുമതി അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രനിലപാട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമായ ഇന്ത്യയിലേക്ക് മറ്റൊരു രാജ്യത്ത് നിന്നും പാലും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ക്ഷീര-കാര്‍ഷിക ഉത്പന്നങ്ങള്‍ അനുവദിക്കില്ലെന്ന നിലപാട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിന് തടസമാണെന്നാണ് യു.എസ് പ്രതികരണം. ഇക്കാര്യം ലോക വ്യാപാര സംഘടനയിലും (WTO) യു.എസ് ഉന്നയിച്ചു. 2024ലെ ഡയറി സര്‍ട്ടിഫിക്കേഷന്‍ ചട്ടങ്ങളില്‍ ഇത്തരം വ്യവസ്ഥകള്‍ പറയുന്നില്ലെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നു.
വിശ്വാസപരവും സാസ്‌ക്കാരികവുമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ സസ്യാഹാരികളാണ്. ഇവരുടെ പ്രധാന ഭക്ഷ്യവിഭവങ്ങളിലൊന്ന് പാലും പാലുത്പന്നങ്ങളുമാണ്. സസ്യാഹാരം മാത്രം നല്‍കിയാണ് ഇന്ത്യയിലെ പശുവളര്‍ത്തല്‍. എന്നാല്‍ പന്നി, മത്സ്യം, കോഴി, കുതിര, പൂച്ച, പട്ടി എന്നിവയുടെ ശരീര അവശിഷ്ടങ്ങളും ഇവയുടെ രക്തവും പശുക്കള്‍ക്ക് പ്രോട്ടീന് പകരം കൊടുക്കുന്ന പതിവ് അമേരിക്കയിലുണ്ട്. പശുക്കളുടെ കൊഴുപ്പ് കൂട്ടാനായി കന്നുകാലികളുടെ മാസ അവശിഷ്ടങ്ങളും നല്‍കാറുണ്ട്. മാംസ അവശിഷ്ടങ്ങള്‍ നല്‍കി വളര്‍ത്തുന്ന പശുവില്‍ നിന്നുള്ള പാല്‍ സസ്യാഹാരമായി പരിഗണിക്കാനാവില്ലെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്.
പാല്‍-പാല്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. പാല്‍ക്കട്ടിക്ക്(Cheese) 30%, വെണ്ണക്ക് (Butter) 40%, പാല്‍പ്പൊടിക്ക് (Milk Powder) 60% എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നികുതി നല്‍കേണ്ടത്. ആഗോള വിപണിയില്‍ കുറഞ്ഞ വിലക്ക് ലഭിക്കുമെങ്കിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷീര ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എത്താത്തതിന്റെ പ്രധാന കാരണമിതാണ്.
8.22 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള ക്ഷീരോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന യു.എസാണ് ഈ രംഗത്തെ അതികായന്‍. എന്നാല്‍ ഇന്ത്യയാകട്ടെ 16.8 ബില്യന്‍ ഡോളറിന്റെ മൂല്യവുമായി ലോകത്തിലെ ആകെ ക്ഷീരോത്പാദനത്തിന്റെ നാലിലൊന്നും നടത്തുന്ന രാജ്യമാണ്. 239 മില്യന്‍ മെട്രിക്ക് ടണ്‍ പാലാണ് ഇന്ത്യയുടെ ഉത്പാദനം. 7.5 മുതല്‍ 9.4 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലേക്കുള്ള ക്ഷീരമേഖലയുടെ സംഭാവനയെന്നും ചില കണക്കുകള്‍ പറയുന്നു. യു.എസ് ക്ഷീര ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ അനുവദിച്ചാല്‍ രാജ്യത്തിന് ഏകദേശം 1.03 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് എസ്.ബി.ഐയുടെ കണക്ക്. തിരിച്ചടി രാജ്യത്താകെ പ്രകടമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
The "non-veg milk" issue is causing a stand-off in India–US trade talks. India’s dairy concerns clash with U.S. demands for tariff reductions. Here’s why.
Read DhanamOnline in English
Subscribe to Dhanam Magazine