നിധി കമ്പനിയില്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും!

കണ്ണഞ്ചുന്ന നേട്ടം വാഗ്ദാനം ചെയ്താല്‍ മുന്നും പിന്നും നോക്കാതെ പണം നിക്ഷേപിക്കാന്‍ ഓടുന്നവരാണ് പൊതുവേ മലയാളികള്‍. എത്ര തട്ടിപ്പുകള്‍ നടന്നാലും വീണ്ടും തട്ടിപ്പില്‍ വീണുപോകുന്നതും അതുകൊണ്ട് തന്നെ. നിക്ഷേപത്തിന്റെ കാര്യത്തില്‍ എത്ര കൊണ്ടാലും പഠിക്കാത്തവര്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഒരു മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകാന്‍ സാധ്യതയുണ്ട്. ആഗസ്ത് 24 വരെ നിധി കമ്പനി രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന 348 കമ്പനികളില്‍ ഒന്നുപോലും ബാധകമായ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ നിധി കമ്പനിയായി പ്രവര്‍ത്തിക്കുന്ന പല വലിയ കമ്പനികളും ഇതുവരെ രജിസ്‌ട്രേഷനായി അപേക്ഷിക്കുക പോലും ചെയ്തിട്ടില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനി നിയമവും നിധി ചട്ടങ്ങളും ലംഘിച്ചാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രാലയം പറയുന്നു.

കമ്പനി നിയമം 2013- സെക്ഷന്‍ 406, ഭേദഗതി ചെയ്ത നിധി ചട്ടം 2014 എന്നിവ ബാധകമായിട്ടുള്ള നിധി കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് പ്രവര്‍ത്തന അനുമതി നേടേണ്ടത്.

നിധി കമ്പനികളില്‍ അംഗങ്ങളായവര്‍ക്ക് മാത്രമേ ആ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. അതുപോലെ തന്നെ വായ്പ നല്‍കുന്നതും കമ്പനി അംഗങ്ങള്‍ക്കാവും. സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തി ഇടപാടുകാര്‍ക്കും കമ്പനികള്‍ക്കും ഗുണമാകുന്ന വിധത്തിലുള്ള ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം.
മലയാളികളും സൂക്ഷിക്കണം, കമ്പനി പൊട്ടിയാല്‍ പണം കിട്ടില്ല!
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ അടുത്തിടെ ഒരു നിധി കമ്പനി പൊട്ടിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ ആയിരക്കണക്കിന് നിധി കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ നിധി കമ്പനികള്‍ ഗ്രാമങ്ങളില്‍ 'ബാങ്ക്' എന്ന പേര് ചേര്‍ത്താണ് പ്രവര്‍ത്തിക്കുന്നതും. ബാങ്ക് എന്നത് പേരിലുണ്ടെങ്കിലും ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സുരക്ഷിതത്വം ഈ കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നില്ല.

പല നിധി കമ്പനികളും ചട്ടം ലംഘിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും. ചട്ടപ്രകാരം നിധി കമ്പനികള്‍ ഏജന്റുമാരെ നിയമിച്ച് നിക്ഷേപം ആകര്‍ഷിക്കാന്‍ പാടില്ലെങ്കിലും പലരും ഇതൊക്കെ നടത്തുന്നുണ്ട്.

നിധി കമ്പനിയിലെ നിക്ഷേപത്തിന് സര്‍ക്കാന്‍ ഗ്യാരണ്ടിയൊന്നുമില്ല. നിധി കമ്പനികള്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ രജിസറ്റര്‍ ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്തരം കമ്പനികള്‍ പേരിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതം എന്ന് വെയ്ക്കുന്നത്. ഇത് കണ്ടതുകൊണ്ട് നിക്ഷേപകര്‍ പണത്തിനും സുരക്ഷിതത്വമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. അതിനുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയിരിക്കുന്നതും.

നിധി കമ്പനിയില്‍ അതിലെ അംഗങ്ങള്‍ തന്നെയാണ് പണം നിക്ഷേപിക്കുന്നത്. അതായത് നിക്ഷേപം നടത്തുന്നത് സ്വന്തം സ്ഥാപനത്തിലാണ്. ആ സ്ഥാപനം പൊട്ടിയാല്‍ നഷ്ടം സ്വയം സഹിക്കേണ്ടി വരും. ഇതൊന്നും അറിയാതെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നിധി കമ്പനി എന്ന് കേട്ടതുകൊണ്ട് മാത്രം പണം നിക്ഷേപിക്കരുതെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.
നിക്ഷേപകര്‍ എന്തുചെയ്യണം?
നിധി കമ്പനികളില്‍ നിക്ഷേപം നടത്തുന്നവര്‍ അത്തരം കമ്പനികളുടെ മുന്‍കാല പ്രവര്‍ത്തന ചരിത്രം പരിശോധിച്ചുമാത്രമേ അതിന് മുതിരാവൂ എന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു.


Related Articles
Next Story
Videos
Share it