പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്കയുടെ ധനസഹായം; പരമാവധി രണ്ട് ലക്ഷം രൂപ
പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക വഴി ധനസഹായം നല്‍കുന്നു. വ്യത്യസ്ത സ്‌കീമുകളിലായി രണ്ട് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം. ഷെയര്‍ പാരിറ്റി, പ്രവര്‍ത്തന മൂലധന ഫണ്ട് എന്നീ രൂപത്തിലാണ് പണം നല്‍കുക. ഷെയര്‍ പാരിറ്റി വിഭാഗത്തില്‍ പരമാവധി ഒരു ലക്ഷം രൂപയും പ്രവര്‍ത്തന മൂലധന ഗ്രാന്റായി രണ്ട് ലക്ഷം രൂപയുമാണ് നല്‍കുന്നത്.
നിബന്ധനകള്‍
ഷെയര്‍ പാരിറ്റി വിഭാഗത്തില്‍ അപേക്ഷിക്കുന്ന സംഘങ്ങളില്‍ കുറഞ്ഞത് 50 അംഗങ്ങളെങ്കിലും ഉണ്ടാവണം. രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. എ,ബി ക്ലാസ് അംഗങ്ങള്‍ നിലവില്‍ പ്രവാസികളോ തിരിച്ചു വന്നവരോ ആകണം. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് ബൈലോയില്‍ വ്യവസ്ഥയുണ്ടാകണം. മുന്‍ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും അപേക്ഷക്കൊപ്പം വേണം.
പ്രവര്‍ത്തന മൂലധന ഗ്രാന്റിന് അപേക്ഷിക്കുന്ന സംഘങ്ങള്‍ വിവിധ ഉല്‍പ്പാദന, സേവന മേഖലകളില്‍ 10 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുതകുന്ന സംരംഭങ്ങള്‍ ആരംഭിച്ചിരിക്കണം. നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സംഘങ്ങള്‍ നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ക്കും സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ, കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കും ധനസഹായമുണ്ട്. നോര്‍ക്കയുടെ വെബ്‌സൈറ്റിൽ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമുള്ള രേഖകള്‍ക്കൊപ്പം അപേക്ഷിക്കാം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അയക്കേണ്ടത്.വെബ് സൈറ്റ് : www.norka roots.org