പിന്തുണയുമായി കിം ജോങ് ഉന്‍; ഉത്തര കൊറിയ അടിച്ചെടുത്തത് 400 മില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ

2021ല്‍ മാത്രം ഉത്തര കൊറിയന്‍ ഹാക്കര്‍ ആര്‍മി തട്ടിയെടുത്തത് 400 മില്യണ്‍ യുഎസ് ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സികളെന്ന് റിപ്പോര്‍ട്ട്. ബ്ലോക്ക്‌ചെയിന്‍ ഗവേഷണ സ്ഥാപനമായി ചെയിനാലിസിസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വിവിധ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളില്‍ ഏഴിലധികം സൈബര്‍ ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഉത്തര നടത്തിയത്.

നിക്ഷേപ സ്ഥാപനങ്ങളെയും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെയും ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍ ആര്‍മിയുടെ ആക്രമണങ്ങള്‍. ഉത്തര കൊറിയന്‍ ഭരണ കൂടം ക്രിപ്‌റ്റോ തട്ടിപ്പുകളെ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നും ചെയിനാലിസിസ് റിപ്പോര്‍ട്ട് പറയുന്നു. അണുവായുധ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹാക്കര്‍മാരെ ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും ആരോപിക്കുന്നത്. സൈബര്‍ ആര്‍മി തട്ടിയെടുത്ത തുക ഉത്തര കൊറിയയുടെ 2020ലെ സൈനിക ബജറ്റിന്റെ 10 ശതമാനത്തിന് തുല്യമാണ്.
ബ്യൂറോ 121 എന്ന് അറിയപ്പെടുന്ന ഉത്തര കൊറിയയുടെ സൈബര്‍ വാര്‍ഫെയര്‍ ഗൈഡന്‍സ് യൂണീറ്റില്‍ 6,000-ല്‍ അധികം അംഗങ്ങള്‍ ഉണ്ടെന്നാണ് വിവരം. 2016 ബംഗ്ലാദേശിന്റെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്ത് 81 മില്യണ്‍ ഡോളര്‍ ഉത്തര കൊറിയ തട്ടിയെടുത്തിരുന്നു. 2021ല്‍ 14 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 1,04,200 കോടി) ക്രിപ്‌റ്റോ തട്ടിപ്പുകളാണ് ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020നെ അപേക്ഷിച്ച് 79 ശതമാനം അധികം പണമാണ് 2021ല്‍ ക്രിപ്‌റ്റോ തട്ടിപ്പുകളിലൂടെ നിക്ഷേപകര്‍ക്ക്‌ നഷ്ടമായത്.


Related Articles
Next Story
Videos
Share it