ദുരിതം മാത്രമല്ല, കാസര്‍കോടിന് നേട്ടവുമുണ്ട് കൊറോണയിലൂടെ

ദുരിതം മാത്രമല്ല, കാസര്‍കോടിന് നേട്ടവുമുണ്ട് കൊറോണയിലൂടെ
Published on

ലോകമാകെ ദുരിതം വിതയ്ക്കുന്ന കൊറോണ കേരളത്തിലേറ്റവുമധികം പടര്‍ന്നു പിടിച്ചത് കാസര്‍കോട്ടാണ്. എങ്കിലും കാസര്‍കോടിന്റെ തലവിധി മാറ്റുവാന്‍ ഈ മഹാമാരി തന്നെ വേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

കണ്ണൂരിനപ്പുറം കേരളമില്ലെന്ന ധാരണ അധികാരികളുടെ മനസ്സിലെങ്കിലും പതിഞ്ഞു കിടക്കുകയും വികസനം അങ്ങോട്ട് എത്തിനോക്കാതാവുകയും ചെയ്തത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ വരികയാണിവിടെ. രോഗികളുടെ എണ്ണത്തില്‍ മറ്റു ജില്ലകളെയെല്ലാം കടത്തി വെട്ടുകയും രാജ്യത്തെ തന്നെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറുകയും ചെയ്തതോടെയാണ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ ലോകമറിയുന്നത്. തങ്ങളുടെ സുരക്ഷിതത്വം നോക്കി സംസ്ഥാനത്തേക്കുള്ള എല്ലാ വഴികളും കര്‍ണാടക സര്‍ക്കാര്‍ അടച്ചു പൂട്ടിയപ്പോള്‍, ഗത്യന്തരമില്ലാതായത് കാസര്‍കോടിനാണ്.

ഏതു രോഗത്തിനും മംഗലാപുരത്തെ വന്‍കിട ആശുപത്രികളെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാര്‍ക്ക് വലിയ തിരിച്ചടിയായി കര്‍ണാടകയിലേക്കുള്ള പ്രവേശനം മുടങ്ങിയത്. മംഗലാപുരത്തെ വന്‍കിട ആശുപത്രികളില്‍ പലതും കാസര്‍കോട്ടുകാരുടെ ഉടമസ്ഥതയിലാണ്. ആശുപത്രികള്‍ ചികിത്സ നടത്താന്‍ തയാറാണെങ്കിലും റോഡുകള്‍ മണ്ണിട്ട് അടച്ചതോടെ അവിടെ എത്താനാവാത്ത സാഹചര്യമാണിപ്പോള്‍.

കര്‍ണാടക സര്‍ക്കാരിനും കേരളത്തിലെ മാറി വന്ന സര്‍ക്കാരുകള്‍ക്കും ഏറെ പഴി കേട്ട സംഭവമായിരുന്നു ഇത്. ഒന്‍പത് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ്, സത്യാസായി ട്രസ്റ്റിന്റെ കാഷ്‌ലസ് ഹോസ്പിറ്റല്‍ തുടങ്ങിയ വലിയ പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു.

കൊറോണ വ്യാപകമായതോടെ വര്‍ധിച്ചു വരുന്ന രോഗികളെ കിടത്താന്‍ വഴിയില്ലാതി. കണ്ണൂരിലും രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ കാസര്‍കോടിനെ കൂടി ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതി.

ഈ സാഹചര്യത്തില്‍ കാസര്‍കോട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഹോസ്പിറ്റലുകള്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. 540 ബെഡുകളുള്ള ആശുപത്രി മൂന്നു മാസത്തിനുള്ളില്‍ തുറക്കാന്‍ തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ സജിത് ബാബു മാധ്യമങ്ങളെ അറിയിച്ചു. പ്രീഫാബ് അടിസ്ഥാനമാക്കിയ നിര്‍മാണരീതിയായിരിക്കും ഇതിന് അവലംബിക്കുക.

ടാറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. ഇതിനായി കാസര്‍കോടിനടുത്ത് തെക്കിലിലെ 15 ഏക്കര്‍ റവന്യു ഭൂമി സര്‍ക്കാര്‍ നല്‍കുകയും നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇത് സ്ഥിരം സംവിധാനമായി നിലനിര്‍ത്തുമോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. 

ഇതോടൊപ്പം മെഡിക്കല്‍ കോളെജിന്റെ വിഷയവും ഉയര്‍ന്നു വന്നിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ബ്ലോക്കില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമുള്ള കൊറോണ സ്‌പെഷ്യല്‍ ആശുപത്രി തുറന്നു കഴിഞ്ഞു. 13 ഡോക്റ്റര്‍മാരടങ്ങുന്ന തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ ആയിരം കൊവിഡ് 19 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ ഒരുങ്ങിക്കഴിഞ്ഞു.

കാസര്‍കോട്ടുകാരായ നിരവധി സംരംഭകര്‍ പുതിയ ഹോസ്പിറ്റലുകളെ കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു.

കാഞ്ഞങ്ങാട്ട് അടക്കം പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം മുടങ്ങിയ ഹോസ്പിറ്റലുകള്‍ക്കും ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള സമയമാകുമെന്നാണ് കരുതപ്പെടുന്നത്.

ദുരിതം വിതയ്ക്കുന്ന മഹാമാരി എന്നതിനൊപ്പം ജില്ലയുടെ അവികസിതാവസ്ഥ ലോകത്തിന് മുന്നില്‍ എടുത്തുകാട്ടിയ ഉപകാരികൂടിയാണിപ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് കൊറോണ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com