കെഎസ്ആര്‍ടിസി സൗജന്യയാത്രയില്‍ കര്‍ണാടക മോഡലിനോട് നോ പറഞ്ഞ് വിഡിഎസ്; പ്രതിസന്ധിയെ മറികടക്കാന്‍ പ്ലാന്‍ ബി

സമാന പദ്ധതി കര്‍ണാടക ആരംഭിച്ചത് ശക്തി (Shakti) എന്ന പേരിലാണ്. പദ്ധതി ജനപ്രിയമായെങ്കിലും സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഇതുമൂലം നേരിടേണ്ടി വന്നത്.
കെഎസ്ആര്‍ടിസി സൗജന്യയാത്രയില്‍ കര്‍ണാടക മോഡലിനോട് നോ പറഞ്ഞ് വിഡിഎസ്; പ്രതിസന്ധിയെ മറികടക്കാന്‍ പ്ലാന്‍ ബി
Published on

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്നു. തുടക്കത്തില്‍ ഓര്‍ഡിനറി ബസുകളില്‍ തുടങ്ങുന്ന പദ്ധതിക്ക് 'പ്രിയദര്‍ശിനി' എന്നാണ് പേര് നല്കിയിരിക്കുന്നത്. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സമാന പദ്ധതി അവതരിപ്പിച്ചിരുന്നു. വേണ്ടത്ര ആസൂത്രണമില്ലാതെ ഈ സംസ്ഥാനങ്ങളില്‍ പദ്ധതി ആരംഭിച്ചത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരുന്നു. സ്വകാര്യ ബസ് വ്യവസായം ഉള്‍പ്പെടെ മറ്റ് മേഖലകളെ കൂടി സംരംക്ഷിച്ച് കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രിയദര്‍ശിനി പദ്ധതിയെ ആദ്യത്തെ 100 ദിവസം നിരീക്ഷിച്ച് കാതലായ മാറ്റംവരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കും മുമ്പ് എല്ലാ കാര്യങ്ങളും നോക്കും.

ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കുമ്പോള്‍ 65 മുതല്‍ 70 കോടി രൂപ വരെ കെഎസ്ആര്‍ടിസിക്ക് വരുമാനത്തില്‍ കുറവു വരും. ഒരു വര്‍ഷം 800 കോടി രൂപയോളം. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്കും. മറ്റ് മാര്‍ഗങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടക മോഡല്‍ മാറ്റിപിടിക്കും

സമാന പദ്ധതി കര്‍ണാടക ആരംഭിച്ചത് ശക്തി (Shakti) എന്ന പേരിലാണ്. എല്ലാ സര്‍ക്കാര്‍ ബസുകളിലും അവിടെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കി. പദ്ധതി ജനപ്രിയമായെങ്കിലും സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഇതുമൂലം നേരിടേണ്ടി വന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇത്തരം പദ്ധതികള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വന്നു. ഇത് കര്‍ണാടകയുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-24 സാമ്പത്തികവര്‍ഷം ഗൃഹലക്ഷ്മി, ഗൃഹജ്യോതി, അന്ന ഭാഗ്യ, ശക്തി, യുവനിധി എന്നിങ്ങനെ അഞ്ച് സ്‌കീമുകളാണ് കര്‍ണാടക സര്‍ക്കാര്‍ തുടങ്ങിയത്. ആ സാമ്പത്തികവര്‍ഷം പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 36,537 കോടി രൂപയാണ്. ആകെ വരുമാനത്തിന്റെ 15 ശതമാനത്തോളം ഇത്തരം പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നത് അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ ബാധ്യത വരുത്തി വയ്ക്കുന്നതിന് ഇടയാക്കി.

വരുമാന വര്‍ധന തുച്ഛമാകുകയും ചെലവ് കുത്തനെ ഉയര്‍ന്നു പോകുകയും ചെയ്തത് കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ധൃതിപിടിച്ച് ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മുന്നോട്ടുപോക്ക് എളുപ്പമാകില്ലെന്ന തിരിച്ചറിവിലാണ് കേരള സര്‍ക്കാര്‍ ബസ് യാത്ര പദ്ധതി തുടക്കത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലായി ചുരുക്കിയത്.

നിലവിലെ അവസ്ഥയില്‍ സര്‍ക്കാരിന് വലിയ ബാധ്യതയില്ലാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാല്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസിക്ക് അതു താങ്ങാന്‍ സാധിച്ചേക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com