പുരപ്പുറങ്ങളില്‍ സോളാര്‍ വെച്ചില്ലെങ്കില്‍ വീട് നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്, വേറിട്ട രീതിയുമായി ചണ്ഡീഗഡ് ഭരണകൂടം

കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് നെറ്റ് സീറോയിലേക്ക് അടുക്കുന്നതിനുളള ഊര്‍ജിത ശ്രമങ്ങളിലാണ് ലോക രാജ്യങ്ങള്‍. ഇന്ത്യയും പുനരുപയോഗ ഊര്‍ജ പദ്ധതികളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. സബ്സിഡിയായും വിവിധ ആനുകൂല്യങ്ങളായുമായി ഒട്ടേറെ നടപടികളാണ് ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.

നിര്‍ബന്ധമായും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കണം

എന്നാല്‍ ഈ ദിശയില്‍ വേറിട്ടൊരു മാതൃകയുമായി എത്തിയിരിക്കുകയാണ് ചണ്ഡീഗഡ് ഭരണകൂടം. ആളുകള്‍ പുരപ്പുറങ്ങളില്‍ നിര്‍ബന്ധമായും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ആളുകള്‍ക്ക് വീട് നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രണ്ട് മാസത്തിനകം വീടുകളിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചില്ലെങ്കിൽ അവരുടെ സ്വത്ത് ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് 4,000 ത്തോളം വീട്ടുടമസ്ഥർക്കാണ് ഭരണകൂടം നോട്ടീസ് നൽകി. 4500 ചതുരശ്ര അടിയില്‍ കൂടുതലുളള 6,408 വീടുകളാണ് സൗരോർജ പദ്ധതിക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവരെ 1,867 വീടുകളില്‍ മാത്രമാണ് ഇത് സ്ഥാപിച്ചത്. പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജിലി യോജന പദ്ധതിക്ക് കീഴില്‍ സൗരോർജ സിസ്റ്റങ്ങള്‍ സ്ഥാപിക്കണമെന്നാണ് ഭരണകൂടം ആവശ്യപ്പെടുന്നത്.

4500 ചതുരശ്രയടിക്ക് മുകളിലുള്ള വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത് ഭരണകൂടം നേരത്തെ നിർബന്ധമാക്കിയിരുന്നു. 2250 ചതുരശ്രയടിക്ക് മുകളിലുളള വീടുകളിലും സോളാര്‍ സിസ്റ്റങ്ങള്‍ നിർബന്ധമായും സ്ഥാപിക്കണമെന്ന് ചട്ടം പുതുതായി ഭേദഗതി ചെയ്തിട്ടുണ്ട്.

എതിര്‍പ്പുമായി പ്രതിപക്ഷം

ചണ്ഡീഗഡ് ബിൽഡിംഗ് ചട്ടങ്ങള്‍ (അർബൻ) അനുസരിച്ച് പുരപ്പുറങ്ങളില്‍ സോളാര്‍ സിസ്റ്റങ്ങള്‍ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി ചണ്ഡീഗഡ് റിന്യൂവബിൾ എനർജി സയൻസ് ആന്‍ഡ് ടെക്‌നോളജി പ്രൊമോഷൻ സൊസൈറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതായി വീട്ടുടമകള്‍ക്ക് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. 2 മാസത്തിനുള്ളിൽ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചില്ലെങ്കില്‍ വീട് ഏറ്റെടുക്കുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം, 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വിലയുള്ള സോളാർ പാനൽ സ്ഥാപിക്കാത്തതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കണ്ടുകെട്ടുന്നത് യുക്തിരഹിതമാണെന്ന് ആരോപിച്ച് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി.
Related Articles
Next Story
Videos
Share it