ക്ഷണക്കത്തിന്റെ രൂപത്തിലും സൈബര്‍ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് സൈബര്‍ സെല്‍
പരിചിതമല്ലാത്ത ഫോണ്‍ നമ്പരില്‍ നിന്ന് വിവാഹത്തിനുള്ള ക്ഷണം വാട്‌സ്ആപ്പ് മെസേജായി ലഭിക്കുന്നുണ്ടോ? എങ്കില്‍ ജാഗ്രത വേണം. അതൊരു സൈബര്‍ തട്ടിപ്പിലേക്കുള്ള ക്ഷണപത്രമാകാം. കാസര്‍കോട് ജില്ലയില്‍ ഇത്തരം മെസേജുകള്‍ വ്യാപകമാകുന്നതായി സൈബര്‍ സെല്ലിന് പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം ക്ഷണക്കത്തുകള്‍ തുറന്നാല്‍ ഫോണിലുള്ള വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ്.
വ്യാജ പോര്‍ട്ടലുകളിലേക്കുള്ള ക്ഷണം
അജ്ഞാത നമ്പരില്‍ നിന്ന് വാട്‌സ് ആപ്പില്‍ ലഭിച്ച ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്ത് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ സൈബര്‍ തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്കാണ് വഴികാട്ടുന്നത്. ഈ സൈറ്റില്‍ നിന്ന് ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം വരും. ഡൗണ്‍ലോഡ് ചെയ്താല്‍ മാല്‍വെയര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇതുവഴി തട്ടിപ്പുകാര്‍ക്ക് ഫോണിലെ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ കഴിയുമെന്നാണ് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ പാസ്‌വേഡ് ഉള്‍പ്പടെ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്താനാകും. അജ്ഞാത നമ്പരില്‍ നിന്ന് വരുന്ന ഡിജിറ്റല്‍ ക്ഷണക്കത്തുകള്‍ തുറക്കുന്നത് അപകടരമാണെന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുതെന്നും പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടാൽ ടോള്‍ഫ്രീ നമ്പരായ 1930 ല്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.