എന്‍എസ്ഇക്ക് പുതിയ ആസ്ഥാനം വരുന്നു, ഭൂമിക്ക് മാത്രം ₹1,684 കോടി; വിശദാംശങ്ങള്‍ അറിയാം

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജി ബ്ലോക്കില്‍ സി-81, സി-82 പ്ലോട്ടുകളിലായാണ് പുതിയ ആസ്ഥാനം നിര്‍മിക്കുന്നത്. ഏകദേശം 10,995 ചതുരശ്ര മീറ്ററാണ് ഭൂമിയുടെ വിസ്തീര്‍ണം
എന്‍എസ്ഇക്ക് പുതിയ ആസ്ഥാനം വരുന്നു, ഭൂമിക്ക് മാത്രം ₹1,684 കോടി; വിശദാംശങ്ങള്‍ അറിയാം
Published on: 

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (NSE) പുതിയ ആസ്ഥാന മന്ദിരം വരുന്നു. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (BKC) നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഡിസൈന്‍ പ്രമുഖ ആര്‍ക്കിടെക്ട് ഹഫീസ് കോണ്‍ട്രാക്ടറാണ് തയാറാക്കിയത്. ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖ എന്‍എസ്ഇ പുറത്തുവിട്ടു.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജി ബ്ലോക്കില്‍ സി-81, സി-82 പ്ലോട്ടുകളിലായാണ് പുതിയ ആസ്ഥാനം നിര്‍മിക്കുന്നത്. ഏകദേശം 10,995 ചതുരശ്ര മീറ്ററാണ് ഭൂമിയുടെ വിസ്തീര്‍ണം. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) 80 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്.

1,684.31 കോടി പാട്ടത്തുക നല്‍കി 2.7 ഏക്കര്‍ ഭൂമിയാണ് എന്‍എസ്ഇ സ്വന്തമാക്കിയത്. കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ്, ആകെ നിര്‍മിത വിസ്തീര്‍ണം, പദ്ധതി പൂര്‍ത്തിയാകുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ എന്‍എസ്ഇ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വേറിട്ട രൂപകല്‍പ്പന

പരമ്പരാഗത ഓഫീസ് കെട്ടിടങ്ങളില്‍നിന്ന് വ്യത്യസ്തമായി കോണുകളോടുകൂടിയ ആധുനിക രൂപകല്‍പനയാണ് പുതിയ ആസ്ഥാനത്തിന്റെ പ്രധാന ആകര്‍ഷണം. ഗ്ലാസ് ഉപയോഗിച്ചുള്ള പുറംഭാഗവും മുകളിലേക്ക് ഉയരുമ്പോള്‍ പുറത്തേക്ക് ചെരിഞ്ഞുനില്‍ക്കുന്ന ഘടനയും കെട്ടിടത്തിന് വേറിട്ട ഭാവം നല്‍കുന്നു.

ദേശീയ പതാകയിലെ കാവി, വെള്ള, പച്ച നിറങ്ങള്‍ ഓര്‍മിപ്പിക്കുന്ന അലങ്കാര ഘടകങ്ങളും ഡിസൈനിലുണ്ട്. പ്രവേശനഭാഗത്ത് ഇന്ത്യയുടെ ഭൂപടവും എന്‍എസ്ഇയുടെ ലോഗോയും ഉള്‍ക്കൊള്ളുന്ന ഗോളാകൃതിയിലുള്ള നിര്‍മിതിയും ഒരുക്കും.

പുറത്തുവിട്ട ദൃശ്യങ്ങളില്‍ വിശാലമായ റിസപ്ഷന്‍, എക്‌സ്പീരിയന്‍സ് സെന്റര്‍, കമ്പനികളുടെ ഓഹരി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താനുള്ള പ്രത്യേക ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും കാണാം.

പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി നവംബര്‍ മൂന്നിന് എന്‍എസ്ഇ ഭൂമിപൂജ നടത്തിയിരുന്നു. എന്‍എസ്ഇ ചെയര്‍പേഴ്‌സണ്‍ ശ്രീനിവാസ് ഇന്‍ജെതി, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍, ബോര്‍ഡ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എക്‌സ്‌ചേഞ്ചിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും പ്രവര്‍ത്തന വിപുലീകരണത്തിനും പുതിയ ആസ്ഥാനം സഹായകമാകുമെന്നാണ് എന്‍എസ്ഇയുടെ വിലയിരുത്തല്‍.

നിലവിലെ ആസ്ഥാനത്തിന് എന്ത് സംഭവിക്കും?

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ തന്നെയുള്ള എക്‌സ്‌ചേഞ്ച് പ്ലാസയാണ് എന്‍എസ്ഇയുടെ നിലവിലെ ആസ്ഥാനം. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതോടെ നിലവിലെ കെട്ടിടം ഡാറ്റ സെന്ററായും പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദിയായും ഉപയോഗിക്കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```