ആരാധനാലയങ്ങള്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ? പരസ്യങ്ങളില്‍ ഉപയോഗിക്കാമോ? പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ കോപ്പിറൈറ്റ് അവകാശപ്പെട്ട് ഒഡിഷ സര്‍ക്കാര്‍

ജഗന്നാഥ് ധാം, മഹാപ്രസാദം, ശ്രീകോവില്‍ എന്നിവക്ക് പകര്‍പ്പാവകാശം നേടുന്നതിനാണ് ക്ഷേത്ര ഭരണസമിതിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ശ്രമിക്കുന്നത്.
copy right
copy right Canva
Published on

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ആചാരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആചാരങ്ങള്‍ക്ക് പകര്‍പ്പവകാശം നേടാന്‍ ഒഡീഷ സര്‍ക്കാരിന്റെ നീക്കം. ക്ഷേത്ര ഭരണസമിതിയുമായി ചേര്‍ന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ശ്രമം തുടങ്ങുന്നത്. കാനഡയില്‍ കഴിഞ്ഞ ദിവസം ജഗന്നാഥ ക്ഷേത്രാചാരങ്ങളനുസരിച്ച് സംഘടിപ്പിച്ച രഥയാത്ര വിവാദമായിരുന്നു. ബംഗാളില്‍ ജഗന്നാഥ ധാം എന്ന പേരില്‍ പുതിയ ക്ഷേത്രം നിര്‍മിച്ചതിനെയും ഒഡീഷ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. ജഗന്നാഥ ധാം, മഹാപ്രസാദം, ശ്രീകോവില്‍ എന്നിവക്ക് പകര്‍പ്പാവകാശം എടുക്കുന്നതിനാണ് ക്ഷേത്ര ഭരണസമിതി ശ്രമിക്കുന്നത്.

പുതിയ വിവാദങ്ങള്‍

കാനഡയിലെ ഒറാന്‍ഡോയില്‍ വിശ്വാസികള്‍ സംഘടിപ്പിച്ച രഥയാത്രയെ അപമാനിക്കാന്‍ നടന്ന ശ്രമം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാനഡയിലുള്ള ജഗന്നാഥ വിശ്വാസികള്‍ക്കായി ഇസ്‌കോണ്‍ ആണ് രഥയാത്ര നടത്തിയത്. യാത്രക്കെതിരെയുണ്ടായ നീക്കങ്ങളെ ഇന്ത്യാ സര്‍ക്കാരും ഒഡീഷ സര്‍ക്കാരും വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ അല്ലാതെ ജഗനാഥ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് പുരി ക്ഷേത്ര ഭരണസമിതി മേധാവി ഗജപതി മഹാരാജ് പിടിഐയോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ തീരനഗരമായ ദിഗില്‍ ജഗന്നാഥ ധാം എന്ന പേരില്‍ പുതിയ ക്ഷേത്രം ആരംഭിച്ചതിനെയും പുരി ക്ഷേത്ര സമതി വിമര്‍ശിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഒഡീഷ സര്‍ക്കാരും പുരി ഗോവര്‍ധന പീഠം ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതിയും ഇതിനെ വിമര്‍ശിച്ചിരുന്നു. ഇത്തരം ക്ഷേത്രങ്ങള്‍ പുരിയിലെ ആചാരങ്ങള്‍ക്ക് അനുസൃതമല്ലെന്നാണ് വിമര്‍ശനം.

ബംഗാളില്‍ നിര്‍മിച്ച ജഗന്നാഥ ക്ഷേത്രത്തില്‍ പുരിയില്‍ നിന്നുള്ള പവിത്രമായ വേപ്പ് മരത്തടി ഉപയോഗിച്ചിരുന്നതായി പുരിയിലെ മുതിര്‍ന്ന പുരോഹിതനായ രാമകൃഷ്ണ ദാസ്മഹാപത്ര വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയും പുരിയിലെ ക്ഷേത്ര സമിതി രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് ദാസ്മഹാപത്രയെ പുറത്താക്കുന്നതിനും ഈ പരാമര്‍ശം ഇടയാക്കി. ഈ സാഹചര്യത്തില്‍ കൂടിയാണ് പുരിയിലെ ആചാരങ്ങള്‍ക്ക് പകര്‍പ്പവകാശത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നേരത്തെ ശ്രമം തുടങ്ങി

2019 മുതല്‍ ഒഡീഷ സര്‍ക്കാര്‍ പകര്‍പ്പാവകാശത്തിന് ശ്രമിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനായിരുന്നു ഈ നീക്കം.

വ്യാപാര സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍, സോവനീറുകള്‍ എന്നിവയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് വിശ്വാസികള്‍ക്കിടയില്‍ കടുത്ത അതൃപ്തി വളര്‍ത്തിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടയുന്നതാണ് ഈ നീക്കമെന്നായിരുന്നു പ്രധാന വിമര്‍ശനം. ക്ഷേത്രാചാരങ്ങള്‍ നിയമത്തിന്റെയോ ബിസനസിന്റെയോ പരിധിയില്‍ കൊണ്ടു വരരുതെന്നും ആവശ്യമുയര്‍ന്നു.

നിയമം ബാധകമോ?

ആരാധനാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്ടിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ നിയമജ്ഞര്‍ക്കിടയിലും തര്‍ക്കങ്ങളുണ്ട്. പെയിന്റിംഗുകള്‍, ശില്‍പ്പങ്ങള്‍, ഡിസൈനുകള്‍ എന്നിവക്ക് പകര്‍പ്പവകാശം ലഭിക്കുമെങ്കിലും മതപരമായ ചിഹ്നങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യാത്ത രീതിയില്‍ വിശ്വാസികള്‍ക്ക് ഉപയോഗിക്കാനുള്ള ചട്ടമാണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com