1000 കോടിയുടെ ഹോക്കി ലോകകപ്പ്, 'ഇന്ത്യയുടെ ഖത്തറാവാന്‍' ഒഡീഷ

പുരുഷ ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ തുടക്കമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന് ഒഡീഷ വേദിയാവുന്നത്. ഈ ലോകകപ്പിനായി ഒഡീഷ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 1098.4 കോടി രൂപയാണ്. 2018ല്‍ ലോകകപ്പിനായി 66.95 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്താണിത്.

പതിനേഴ് ദിവസം നീണ്ടുനില്‍ക്കുന്ന ലോകകപ്പില്‍ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ സംസ്ഥാനത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് 12 കോടി രൂപ ചിലവില്‍ കള്‍ച്ചറല്‍ ഫെസ്റ്റിവെല്ലും ഒഡീഷ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഹോക്കിയുടെ സ്‌പോണ്‍സര്‍ കൂടിയാണ് ഒഡീഷ സര്‍ക്കാര്‍.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, റൂര്‍ക്കലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം. ലോകത്തെ ഏറ്റവും വലിയ ഫീല്‍ഡ് ഹോക്കി സ്‌റ്റേഡിയമാണ്ബിര്‍സ മുണ്ട. ബിര്‍സ മുണ്ട സ്റ്റേഡിയം നിര്‍മാണത്തിനും കലിംഗ സ്റ്റേഡിയം നവീകരണത്തിനുമായി 875.78 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ടാറ്റ സ്റ്റീലാണ് ലോകകപ്പിന്റെ ഒഫീഷ്യല്‍ പാര്‍ട്ട്ണര്‍.

ജയിച്ചാല്‍ ഒരു കോടി

സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, തുടങ്ങിയവ ഉപയോഗിച്ച് തേക്കില്‍ തീര്‍ത്ത 12 കി.ഗ്രാം ഭാരമുള്ള ട്രോഫിയാണ് ജേതാക്കള്‍ക്ക് നല്‍കുന്നത്. ഇത്തവണ ഇന്ത്യ കിരീടം നേടിയാല്‍ ടീം അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചിട്ടുണ്ട്. ജേതാക്കളായാല്‍ ടീമംഗങ്ങള്‍ക്ക് 25 ലക്ഷം രൂപയാണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ നല്‍കുന്നത്. വെള്ളിമെഡല്‍ ആണ് ലഭിക്കുന്നതെങ്കില്‍ തുക 15 ലക്ഷമായും വെങ്കലമായാല്‍ അത് 10 ലക്ഷമായും കുറയും. 975ല്‍ ജേതാക്കളായ ശേഷം ഇന്ത്യയ്ക്ക് ഇതുവരെ ലോകകപ്പ് സെമിഫൈനലില്‍ എത്താനായിട്ടില്ല.

ഇന്ന് വൈകിട്ട് 7 മണിക്ക് സ്‌പെയിന് എതിരെയാണ് ഇന്ത്യുടെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ കാണാം. 100 രൂപ മുതല്‍ 500 രൂപ വരെയാണ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it