

ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ ട്രെയിനുകള്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. 900ഓളം പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരവുമാണ്.
ഇതിനിടെ സിഗ്നല്‍ തകരാണ് ദുരന്തത്തിന് വഴിവച്ചതെന്ന് സംയുക്ത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ് (12841) എന്നിവയും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.
കോറമാണ്ഡൽ എക്സ്പ്രസിന് ആദ്യം മുന്നോട്ട് പോകാനുള്ള സിഗ്നല്‍ നല്‍കിയെങ്കിലും പിന്‍വലിച്ചു. എന്നാല്‍, സിഗ്നല്‍ പിന്‍വലിക്കുന്നതിന് മുമ്പേ ട്രെയിന്‍ ഉപട്രാക്കിലേക്ക് (ലൂപ്പ് ലൈന്‍/Loopline) കടന്നുവന്ന് അവിടെയുണ്ടായിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ പാളംതെറ്റി തെറിച്ച് അടുത്തുള്ള ട്രാക്കിലേക്ക് വീണു. തുടര്‍ന്ന് ഇതുവഴി വന്ന ഹൗറ ട്രെയിന്‍ ഈ ബോഗികളില്‍ ഇടിച്ചുകയറിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപവീതവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപവീതവും കേന്ദ്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ളതടക്കം 40ലേറെ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ഒട്ടേറെ ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയുമാണ്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകിട്ട് ഷാലിമാറിലേക്ക് പുറപ്പെടേണ്ട 22641 ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ റദ്ദാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine