
ഹോട്ടലുകള്‍ക്കും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയിലെ വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില 1,762 രൂപയായി. കൊച്ചിയില്‍ 1,767 രൂപ മുതല്‍ 1,769 രൂപ വരെയാണ് വില. ഗതാഗത ചെലവ്, പ്രാദേശിക നികുതി തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ഓരോ നഗരങ്ങളിലും പാചക വാതകത്തിന്റെ വിലയില്‍ മാറ്റം വരും. തീരുമാനം ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ നിലവില്‍ വന്നു.
രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളെ ആശ്രയിക്കുന്ന ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലക്ക് ചെറിയ ആശ്വാസം പകരുന്നതാണ് തീരുമാനം. ചെറിയ മാറ്റമാണ് വരുത്തിയതെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിച്ചത് മൂലം ബുദ്ധിമുട്ടിലായ ഹോട്ടല്‍ വിപണിക്ക് തീരുമാനം ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപ കുറച്ചിരുന്നു. 2024 ഡിസംബറില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ച ശേഷമായിരുന്നു ഫെബ്രുവരിയിലെ കുറവ്.
ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ മാറ്റവും വിപണിയിലെ ചലനങ്ങളുമാണ് ഇന്ത്യയിലും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. വരും മാസങ്ങളിലും വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine