
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഹമാസിനു നേരെ ഇസ്രയേല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയത്. പശ്ചിമേഷ്യ താല്‍ക്കാലികമായെങ്കിലും ശാന്തമായെന്ന് തോന്നിച്ച ശേഷം പെടുന്നനെയുള്ള ഇസ്രയേലിന്റെ പ്രകോപനം മേഖലയില്‍ ഏതുതരത്തില്‍ ബാധിക്കുമെന്ന് വരുംദിവസങ്ങളില്‍ കണ്ടറിയാം. എന്നാല്‍, ഹമാസിന്റെ വീര്യം തീര്‍ത്തും ദുര്‍ബലമായതിനാല്‍ കാര്യമായ ചെറുത്തുനില്‍പ്പൊന്നും ഉണ്ടാകില്ലെന്ന വിലയിരുത്തലും വരുന്നുണ്ട്.
ഇസ്രയേലില്‍ കടന്നുകയറി ഹമാസുകാര്‍ നടത്തിയ കൂട്ടക്കുരുതിക്ക് ശേഷം നടന്ന തിരിച്ചടിയില്‍ ഹമാസ് തുടക്കത്തിലെങ്കിലും പിടിച്ചുനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഹമാസും അവര്‍ക്ക് സഹായം നല്‍കിയിരുന്ന ലെബനനിലെ ഹിസ്ബുള്ളയും ഇറാനുമെല്ലാം ദുര്‍ബലരാണ്. അതുകൊണ്ട് തന്നെ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ജോ ബൈഡന്‍ ഭരണകൂടത്തെ അപേക്ഷിച്ച് ഇസ്രയേലിനോട് പരിധിയില്ലാത്ത വാത്സല്യമാണ് ഡൊണാള്‍ഡ് ട്രംപിന്. ഇപ്പോഴത്തെ ആക്രമണത്തിന് ട്രംപിന്റെ തുടര്‍ച്ചയായ ആഹ്വാനങ്ങളും പ്രേരകമായിട്ടുണ്ട്. ബാക്കിയുള്ള ബന്ദികളുടെ കാര്യത്തില്‍ ഹമാസില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തത് യു.എസിനെ പ്രകോപിപ്പിച്ചിരുന്നു.
ഇസ്രയേലിന്റെ ആക്രമണം എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒരുഘട്ടത്തില്‍ 70 ഡോളറിനും താഴെപ്പോയ ക്രൂഡ് വില ആക്രണവാര്‍ത്തയ്ക്ക് പിന്നാലെ ഒരു ശതമാനത്തിനടുത്ത് ഉയര്‍ന്നു. 60 ഡോളറിലേക്ക് എണ്ണവില താഴ്‌ന്നേക്കുമെന്ന മുന്നറിയിപ്പിനിടെയാണ് പശ്ചിമേഷ്യ വീണ്ടും പുകയുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്താല്‍ ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിന് വിഘാതമുണ്ടാകും. ഇത് ചരക്കുനീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം യു.എസ് വ്യോമസേന യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ സ്ഥിരമായി ആക്രമണം നടത്തുന്ന ഹൂതി തീവ്രവാദികളെ പാഠം പഠിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചെങ്കടലിലെ പോരാട്ടം തുടര്‍ന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
മുമ്പ് പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയിരുന്ന സമയങ്ങളില്‍ എണ്ണവില വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് എണ്ണവില ഉയര്‍ന്നത്. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന മാന്ദ്യവും ഇറാന്‍-ഹിസ്ബുള്ള-ഹമാസ് നിരയുടെ ശക്തി ക്ഷയിച്ചതും വലിയ പോരാട്ടത്തിലേക്ക് സംഘര്‍ഷം മാറില്ലെന്ന വിപണിയുടെ നിരീക്ഷണങ്ങളുമാണ് എണ്ണവിലയിലും പ്രതിഫലിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine