Begin typing your search above and press return to search.
പിടിവിട്ട് കയറിയ ക്രൂഡ് വിലയില്‍ നാടകീയ ഇറക്കം; കാരണം ഖമേനിയുടെ വാക്കും ചൈനയും
ഇറാന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ കുതിച്ചുയര്‍ന്ന ക്രൂഡ്ഓയില്‍ വില അതേ നിലയില്‍ താഴേക്ക് വരുന്നു. ഇസ്രയേലിന്റെ തിരിച്ചടിക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 77 ഡോളറിന് അടുത്തെത്തിയിരുന്നു. ഇറാന്‍ തിരിച്ചടിക്കു മുതിരുകയും മേഖല സംഘര്‍ഷഭരിതമാകുകയും ചെയ്യുമെന്ന വിലയിരുത്തലാണ് എണ്ണയുടെ കയറ്റത്തിന് വഴിയൊരുക്കിയത്.
ഇന്ന് (തിങ്കളാഴ്ച) മാത്രം ബ്രെന്റ് ഇനം ക്രൂഡിന് 4.2 ഡോളറോളം ഇടിവ് രേഖപ്പെടുത്തി. ഇസ്രയേലിന് വ്യാപകമായ തിരിച്ചടി നല്‍കേണ്ടതില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ നിര്‍ദ്ദേശമാണ് എണ്ണവില താഴാന്‍ ഇടയാക്കിയത്. ഇറാന്റെ ഭാഗത്തു നിന്നും പ്രത്യാക്രമണം വന്നിരുന്നെങ്കില്‍ എണ്ണവില 80 ഡോളറും കടന്നു കുതിച്ചേനെ.
ഇറാനും ഇസ്രയേലും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം വന്നാല്‍ മധ്യേഷ്യയില്‍ എണ്ണ വിതരണത്തില്‍ സ്തംഭനാവസ്ഥയ്ക്ക് കാരണമാകും. ഇത്തരമൊരു അവസ്ഥ ഒഴിവായതാണ് പഴയപടിയിലേക്ക് എണ്ണവില കുറയാന്‍ കാരണം.
ഡിമാന്‍ഡ് കുറവ്
രാജ്യാന്തര തലത്തില്‍ എണ്ണ ഡിമാന്‍ഡില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള കണക്കുകള്‍ നെഗറ്റീവില്‍ നില്‍ക്കുന്നതാണ് ഇതിനു പ്രധാന കാരണം. ചൈനീസ് സമ്പദ്ഘടന പതിയെ തിരിച്ചു കയറുന്നുവെങ്കിലും വേഗം പോരാ. സെപ്റ്റംബറിലെ ചൈനീസ് വ്യവസായിക വളര്‍ച്ചയില്‍ 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2025ല്‍ എണ്ണ ആവശ്യകത വളര്‍ച്ച കുത്തനെ കുറയും. ഇതിനു പ്രധാന കാരണം ചൈനയില്‍ നിന്നുള്ള ആവശ്യകത കുറയുന്നതാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സമ്പദ് രംഗത്തിന്റെ തളര്‍ച്ചയേക്കാള്‍ ഗ്രീന്‍ എനര്‍ജി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതാണ് എണ്ണ ഡിമാന്‍ഡില്‍ പ്രതിഫലിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
Next Story
Videos