ഒലയിലെ ഓഹരികള്‍ വീണ്ടും വിറ്റഴിച്ച് ഭവിഷ് അഗര്‍വാള്‍; കീശയിലാക്കിയത് ₹142 കോടി

ഒരു ദിവസം മുമ്പ് 91.87 കോടി രൂപയ്ക്ക് 2.62 കോടി ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. ഓഹരിയൊന്നിന് 34.99 രൂപയ്ക്കായിരുന്നു ഈ വില്പന
ola gen 3 scooter , ola founder Bhavish Agarwal
https://www.olaelectric.com/
Published on

വില്പനയിലും ഓഹരി വിപണിയിലും തിരിച്ചടികള്‍ നേരിടുകയാണ് ഒല ഇലക്ട്രിക്. ഭവിഷ് അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള ഒലയുടെ ഓഹരിവില കുറച്ചുനാളുകളായി താഴേക്കാണ്. വൈദ്യുത ഇരുചക്ര വാഹന വിപണിയിലും സ്ഥിതി ദയനീയമാണ്.

വാഹനങ്ങളുടെ തകരാറും വില്പനാനന്തര സേവനത്തിലെ പ്രശ്‌നങ്ങളും ഒലയുടെ ഡിമാന്‍ഡ് കുത്തനെ ഇടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കമ്പനിക്കെതിരേ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് ഒലയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ തന്റെ ഓഹരികളുടെ ഒരു ശതമാനം വിറ്റഴിച്ചിരിക്കുകയാണ്. ഓപ്പണ്‍ മാര്‍ക്കറ്റ് ട്രാന്‍സാക്ഷനിലൂടെ 142.3 കോടി രൂപയുടെ ഓഹരികളാണ് അദ്ദേഹം കൈമാറ്റം ചെയ്തത്. 4.19 കോടി ഓഹരികള്‍ വരുമിത്. ഓഹരിയൊന്നിന് 33.96 രൂപയ്ക്കായിരുന്നു വില്പന.

ഒരു ദിവസം മുമ്പ് 91.87 കോടി രൂപയ്ക്ക് 2.62 കോടി ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. ഓഹരിയൊന്നിന് 34.99 രൂപയ്ക്കായിരുന്നു ഈ വില്പന. രണ്ട് ഘട്ടമായി 1.5 ശതമാനം ഓഹരികള്‍ വിറ്റ് 234.17 കോടി രൂപയാണ് ഭവിഷ് സ്വന്തം പോക്കറ്റിലാക്കിയത്.

ഒലയില്‍ ഇപ്പോഴും 34 ശതമാനം ഓഹരി പങ്കാളിത്തം അഗര്‍വാളിനുണ്ട്. സെപ്റ്റംബറില്‍ ഇത് 36.78 ശതമാനമായിരുന്നു. അഗര്‍വാള്‍ ഓഹരികള്‍ വിറ്റെന്ന വാര്‍ത്ത സ്വതവേ ദുര്‍ബലമായ ഒല ഓഹരികളെ സര്‍വകാല താഴ്ചയിലേക്ക് ബുധനാഴ്ച നയിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരിവില 32.90 രൂപയായിരുന്നു.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്

സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടം 418 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് നഷ്ടം കുറച്ചു കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചെങ്കിലും ഒലയുടെ വരുമാനം നേര്‍പകുതിയായി കുറഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 1,214 കോടി രൂപയായിരുന്നു വരുമാനം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് വെറും 690 കോടി രൂപയായി.

ഒക്ടോബറിലെ വില്‍പ്പനയില്‍ നാലാം സ്ഥാനത്തേക്ക് ഒല ഇലക്ട്രിക് പിന്തള്ളപ്പെട്ടിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ ഇ.വി മേഖലയില്‍ വിപ്ലവമുണ്ടാക്കിയ ഒലയ്ക്ക് ഒക്ടോബറിലെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനമാണ് ഇടിഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com