സ്പീക്കറെ തെരഞ്ഞെടുക്കാന്‍ മത്സരം, ഇത് മൂന്നാം തവണ

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് 48 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ബി.ജെ.പി നയിക്കുന്ന ഭരണമുന്നണിയായ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി ഇതുവരെ സ്പീക്കറായിരുന്ന ഓം ബിര്‍ല മത്സരിക്കുന്നു. കേരളത്തില്‍ നിന്ന് എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷാണ് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാര്‍ഥി.
പതിവുകള്‍ തെറ്റിച്ചാണ് ഇത്തവണ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ നിലയില്‍ സ്പീക്കറെ ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയാണ് പതിവ്. അതിനു കാരണമുണ്ട്. സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്നയാള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലെന്നും ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും നീതിപൂര്‍വകമായി, സഭാ ചട്ടങ്ങള്‍ക്ക് അനുസൃതമായി പെരുമാറുകയും ചെയ്യുന്നുവെന്നാണ് സങ്കല്‍പം. ഇത്തരത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കേണ്ടയാളെ തര്‍ക്കവും മത്സരവുമില്ലാതെ തെരഞ്ഞെടുക്കുമ്പോള്‍, സ്പീക്കര്‍ പദവിയുടെ അന്തസ് ഒന്നു കൂടി ഉയരുമെന്ന് കരുതുന്നതു കൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും മുന്‍കൂട്ടി പൊതുധാരണയുണ്ടാക്കുന്നു.
എന്നാല്‍ കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ ഭരണ മുന്നണിയും ബി.ജെ.പിയും തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം മത്സരം തീരുമാനിച്ചത്. കീഴ്വഴക്കം അനുസരിച്ചാണെങ്കില്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തു നിന്നൊരാള്‍ക്ക് നല്‍കണം. പക്ഷേ, അതു പറ്റില്ലെന്ന നിലപാടിലാണ് ബി.ജെ.പി. സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം അക്കാര്യം തീരുമാനിക്കാമെന്ന നിലപാടാണ് ബി.ജെ.പി മുന്നോട്ടു വെച്ചത്.
വഴങ്ങാതെ എന്‍.ഡി.എ, കരുത്തുകാട്ടാന്‍ പ്രതിപക്ഷം
കഴിഞ്ഞ ലോക്‌സഭയില്‍ ഡപ്യൂട്ടി സ്പീക്കറെ വെക്കാന്‍ തന്നെ ബി.ജെ.പി തയാറായിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, ഡപ്യൂട്ടി സ്പീക്കറുടെ കാര്യത്തില്‍ ഭരണപക്ഷത്തു നിന്ന് ഉറപ്പു കിട്ടിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ മത്സരത്തിന് കളമൊരുങ്ങി.
ലോക്‌സഭയിലെ സീറ്റു നിലയനുസരിച്ച് ഭരണമുന്നണിയുടെ സ്ഥാനാര്‍ഥി തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് മിക്കവാറും ഉറപ്പാണ്. 543 അംഗ സഭയില്‍ എന്‍.ഡി.എക്ക് 293 അംഗങ്ങളുണ്ട്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യക്ക് 232 അംഗങ്ങള്‍. ഭരണമുന്നണിയില്‍ ടി.ഡി.പി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും ബി.ജെ.പി വിട്ടു കൊടുക്കാതിരുന്ന സാഹചര്യം, അവരുടെ വിയോജിപ്പായി വോട്ടെടുപ്പില്‍ പ്രതിഫലിക്കാന്‍ ഇടയില്ല.
തോറ്റാല്‍ കൂടി, ബി.ജെ.പി ജനാധിപത്യ മര്യാദ കാട്ടിയില്ലെന്ന വിഷയം ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് മത്സരിക്കാമെന്ന് നിശ്ചയിച്ചത്. പ്രതിപക്ഷത്തിന്റെ സഭയിലെ കരുത്തിന്റെ പ്രകടനം കൂടിയാവുകയും ചെയ്യും.
ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതിനു മുമ്പ് രണ്ടു തവണയാണ് മത്സരം നടന്നത്. 1952ല്‍ ജി.വി മാവ്‌ലങ്കറും ശങ്കര്‍ ശാന്താറാമും മത്സരിച്ചു. മാവ്‌ലങ്കര്‍ക്ക് 394ഉം എതിരാളിക്ക് 55ഉം വോട്ടാണ് കിട്ടിയത്. 1976ല്‍ ബലിറാം ഭഗത്തിനെതിരെ ജഗന്നാഥ് റാവു മത്സരിച്ചപ്പോള്‍ യഥാക്രമം 344ഉം 58ഉം വോട്ട് കിട്ടി. ഇത്തവണ പക്ഷേ, മത്സരം അത്ര ദുര്‍ബലമല്ല. പ്രതിപക്ഷ കരുത്ത് പുതിയ ലോക്‌സഭയില്‍ കൂടുതലാണെന്നിരിക്കേ, പുതിയ സ്പീക്കറുടെ സഭയിലെ ഭൂരിപക്ഷം നേര്‍ത്തതായിരിക്കും.
Related Articles
Next Story
Videos
Share it