ഓം ബിര്‍ല സ്പീക്കര്‍; രാഹുല്‍ പ്രതിപക്ഷ നേതാവ്

ഓം ബിര്‍ല വീണ്ടും ലോക്സഭ സ്പീക്കര്‍. കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പിന് നിര്‍ബന്ധിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചതോടെ ഭരണപക്ഷത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ലോക്സഭ എതിരില്ലാതെ പാസാക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭയിലും ഓം ബിര്‍ലയായിരുന്നു സ്പീക്കര്‍. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്സഭയില്‍ എത്തിയത്.
18-ാം ലോക്സഭയിലെ സാരഥികളുടെ ചിത്രം ഇതോടെ തെളിഞ്ഞു. സഭാ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. ഇതാദ്യമായി കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. പലവട്ടം ലോക്സഭാംഗമായെങ്കിലും പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ നിന്ന് ഭിന്നമായി കോണ്‍ഗ്രസിന്റെ അംഗബലം മൂന്നക്കത്തിലെത്തിയ സന്ദര്‍ഭത്തിലാണ് രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം മൂളിയത്. നേരത്തെ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോക്സഭയിലെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും വിട്ടുകൊടുക്കുമെന്ന വാഗ്ദാനം ഭരണപക്ഷം ഇനിയും നല്‍കിയിട്ടില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പിന് പ്രതിപക്ഷം നിര്‍ബന്ധം പിടിക്കാത്ത സാഹചര്യത്തില്‍ ബി.ജെ.പി അയവുള്ള സമീപനം സ്വീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും.
Related Articles
Next Story
Videos
Share it