ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ സലാം എയര്‍

ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍. ഒക്ടോബര്‍ ഒന്ന് മുതലുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. ഫ്യുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരം, ലക്നൗ, ജെയ്പൂര്‍ എന്നിവിടങ്ങളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍. കൂടാതെ ചില കണക്ഷന്‍ സര്‍വീസുകളുമുണ്ട്.

വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലം

സലാം എയര്‍ അടുത്തിടെ പ്രഖ്യാപിച്ച ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. സലാം എയര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയകും.

സലാം എയര്‍ വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ഉള്ള ബുക്കിംഗ് സൗകര്യവും നീക്കം ചെയ്തു. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും. ടിക്കറ്റ് റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര കാലത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it