വിശ്വസ്തനായ ബിസിനസ് ചാണക്യനെയും പുറത്താക്കി മസ്‌ക്, ട്രംപുമായി പിരിഞ്ഞിട്ടും ഒന്നും ശരിയാകാത്ത 'കഷ്ടകാലം'; റോബോ ടാക്‌സിയും വട്ടം കറക്കുന്നു

ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് അഫ്ഷാറെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പോലും വിശേഷിപ്പിച്ചത്
Elon Musk and omead afshar
canva, tesla
Published on

സഹസ്രകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ വിശ്വസ്തനും ടെസ്‌ല മോട്ടോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥനുമായ ഓമിയാദ് അഫ്ഷാര്‍ (Omead Afshar) കമ്പനി വിട്ടു. ഒരുകാലത്ത് ഇലക്ട്രിക് വാഹന രംഗത്തെ മുടിചൂടാ മന്നന്മാരായിരുന്ന ടെസ്‌ലയുടെ വില്‍പ്പന താഴേക്ക് പോകുന്നതിനിടെയാണ് പുതിയ നീക്കം. എന്തിനാണ് അദ്ദേഹം രാജിവെച്ചതെന്നോ ഭാവി പരിപാടികളെന്താണെന്നോ വ്യക്തമല്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

നോര്‍ത്ത് അമേരിക്കയിലെയും യൂറോപ്പിലെയും ടെസ്‌ലയുടെ ചുമതലക്കാരനായിരുന്ന അഫ്ഷാറിനെ ഇലോണ്‍ മസ്‌ക് പുറത്താക്കിയതാണെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുമേഖലകളിലും വില്‍പ്പന കുറയുകയും കമ്പനിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. മസ്‌കിന്റെ ഒരു രഹസ്യ പദ്ധതിക്ക് വേണ്ട പ്രത്യേക ഗ്ലാസുകള്‍ അടക്കമുള്ള സാമഗ്രികള്‍ വാങ്ങിയതുമായ ക്രമക്കേടില്‍ അഫ്ഷാറിനെതിരെ 2022 മുതല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മസ്‌കിന്റെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ അഫ്ഷാര്‍ പിന്നീട് ടെസ്‌ലയിലേക്ക് തന്നെ തിരിച്ചുവന്നു. വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചായിരുന്നു തിരിച്ചുവരവ്.

ആരാണ് അഫ്ഷാര്‍?

ഇറാനിയന്‍ മാതാപിതാക്കളില്‍ ജനിച്ച അമേരിക്കന്‍ പൗരനായ ഇദ്ദേഹം 2011ലാണ് ടെസ്‌ലയിലെത്തുന്നത്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ അതിവിദഗ്ധന്‍. ഓസ്റ്റിന്‍, ടെക്‌സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ടെസ്‌ലയുടെ വമ്പന്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്നത് അഫ്ഷാറാണ്. വളരെ പെട്ടെന്ന് തന്നെ മസ്‌കിന്റെ വിശ്വസ്തനായ മാറിയ ഇദ്ദേഹം 2022ല്‍ ട്വിറ്ററിനെ ഏറ്റെടുക്കുമ്പോഴും കൂടെയുണ്ടായിരുന്നു. ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് അഫ്ഷാറെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പോലും വിശേഷിപ്പിച്ചത്. മസ്‌കിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കുന്നയാള്‍ (Musk's fixer) എന്ന് പോലും ആളുകള്‍ അഫ്ഷാറിനെ വിശേഷിപ്പിക്കാറുണ്ട്.

രാഷ്ട്രീയം കളിച്ച് തുലച്ചതോ?

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്ന മസ്‌ക് അദ്ദേഹത്തിന്റെ ചെലവ് ചുരുക്കല്‍ വകുപ്പിന്റെയും ചുമതലക്കാരനായിരുന്നു. എന്നാല്‍ മസ്‌ക് സ്വീകരിച്ച പല തീരുമാനങ്ങളും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതെല്ലാം മസ്‌കിന്റെ ബിസിനസ് സ്ഥാപനങ്ങളെയാണ് ഏറെ ബാധിച്ചത്. ടെസ്‌ലയുടെ ഓഹരി വില ഇക്കൊല്ലം മാത്രം ഇടിഞ്ഞത് 19 ശതമാനമാണെന്നാണ് കണക്കുകള്‍. യൂറോപ്പിലെ കമ്പനിയുടെ വില്‍പ്പന തുടര്‍ച്ചയായ അഞ്ചാമത്തെ മാസവും കുത്തനെ ഇടിയുകയും ചെയ്തു. മറ്റിടങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രീയവും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നിക്ഷേപകര്‍ കട്ടായം പറഞ്ഞതോടെയാണ് അദ്ദേഹം ട്രംപ് സര്‍ക്കാരിന്റെ ചുമതലയില്‍ നിന്നും രാജിവെച്ചത്. ഇതിനിടയില്‍ ട്രംപുമായുള്ള അസ്വാരസ്യങ്ങളും കല്ലുകടിയായി.

സര്‍വത്ര കുഴപ്പം

മസ്‌കിന്റെ ഓപ്റ്റിമസ് ഹ്യൂമനോയ്ഡ് റോബോടിക്‌സ് പദ്ധതിയുടെ ചുമതലക്കാരനായിരുന്ന മിലാന്‍ കോവാക്കും അടുത്തിടെ രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ റോബോ ടാക്‌സിയും പരാജയമാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോബോ ടാക്‌സിയുടെ അവതരണം അദ്ദേഹത്തിന്റെ സമ്പത്തില്‍ 19 ബില്യന്‍ ഡോളര്‍ വര്‍ധിപ്പിച്ചെങ്കിലും വലിയ പരാതിയാണ് ഉയരുന്നത്. റോബോ ടാക്‌സിയുടെ ആദ്യ യാത്രയില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ടായി. റോബോ ടാക്‌സി തെറ്റായ ട്രാക്കില്‍ ഓടിക്കുന്നതും യാത്രക്കാരെ തിരക്കേറിയ റോഡിന്റെ ഒത്തനടുക്ക് ഇറക്കുന്നതും പെട്ടെന്ന് ബ്രേക്കിടുന്നതും അമിത വേഗത്തില്‍ ഓടിക്കുന്നതുമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com