Begin typing your search above and press return to search.
ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു, രാജ്യം കോവിഡിൻ്റെ മൂന്നാം തരംഗത്തിലേക്ക്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 90000 കടന്നു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. തമിഴ്‌നാട്ടില്‍ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ദിവസങ്ങളില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കര്‍ണാടക ജനുവരി 15 വരെ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. സമാനമായ നിയന്ത്രണങ്ങളാണ് ഡല്‍ഹിയിലും. പഞ്ചാബ്, ഗോവ, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും രാത്രികാല നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. അതേ സമയം പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡിൻ്റെ മൂന്നാം തരംഗത്തിലാണ് രാജ്യമെന്ന് കോവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശക സമിതി സ്ഥിരീകരിച്ചത് ഇന്നലെയാണ്. മെട്രോ നഗരങ്ങളിലായിരിക്കും രോഗ വ്യാപനം കൂടുതല്‍. പ്രധാന നഗരങ്ങളില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും ഒമിക്രോണ്‍ മൂലമാണെന്ന് കോവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എന്‍ കെ അറോറ അറിയിച്ചു. മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞുകവിയാന്‍ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.
രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ നാല് മണിക്കൂര്‍ കൊണ്ട് ഒമിക്രോണ്‍ വൈറസ് കണ്ടെത്താവുന്ന ആര്‍ടിപിസിആര്‍ കിറ്റ് ഐസിഎംആര്‍ വികസിപ്പിച്ചിട്ടുണ്ട്. നേരത്തെ സ്വീകരിച്ച അതേ ഡോസ് വാക്‌സിന്‍ മാത്രമെ ബൂസ്റ്റര്‍ ഡോസായി നല്‍കുകയുള്ളു എന്നും ഐസിഎംആര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇതുവരെ 230 ഒമിക്രോണ്‍ കേസുകള്‍
ഇന്നലെ 49 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 230 ആയി. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാനുള്ള സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘടന (കെജിഎംസിടിഎ) നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
മറ്റ് രോഗികളെ പരിഗണിച്ച് മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ ആവള്യമുള്ള കോവിഡ് കേസുകള്‍ മാത്രമെ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സിക്കാവു എന്ന ആവശ്യമാണ് സംഘട പ്രധാനമായും ഉന്നയിച്ചത്. കോവിഡ് രോഗികള്‍ക്കായി പെരിഫറെല്‍ ആശുപത്രികള്‍, ഹോംകെയര്‍, ടെലിമെഡിസിനുകള്‍ ശക്തിപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കനത്ത വെല്ലുവിളി ആകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
Next Story
Videos