'ഒമിക്രോണ്‍ പരക്കുന്നത് ചരിത്രത്തിലെ മറ്റെല്ലാ വൈറസിനേക്കാളും വേഗത്തില്‍'; മോശം അവസ്ഥയിലേക്ക് കടക്കുകയാണെന്ന് ബില്‍ ഗേറ്റ്‌സ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചും മുന്നറിയിപ്പ് നല്‍കിയും ട്വീറ്റുകളുമായി ബില്‍ ഗേറ്റ്‌സ്. ചരിത്രത്തിലെ മറ്റേതൊരു വൈറസിനേക്കാള്‍ അതിവേഗത്തിലാണ് ഒമിക്രോണ്‍ പരക്കുന്നതെന്നും വൈകാതെ ലോകത്തെ എല്ലാ രാജ്യങ്ങളിലും എത്തുമെന്നും ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

'ജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നുവെന്ന് നമ്മള്‍ കരുതുമ്പോഴേക്ക്, മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയിലേക്ക് നമ്മള്‍ കടന്നേക്കാം. ഒമിക്രോണ്‍ നമ്മളുടെ എല്ലാവരുടെയും വീടുകളിലെത്തും. അടുത്ത സുഹൃത്തുക്കള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. എന്റെ ഏതാണ്ടെല്ലാ ഹോളിഡേ പദ്ധതികളും റദ്ദാക്കുകയും ചെയ്തു'- ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് യു.കെ, യൂറോപ്പ്, ഇന്ത്യയടക്കമുള്ള 89 രാജ്യങ്ങളിലേക്കും പടര്‍ന്നു. ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് കൂടുതല്‍ പടര്‍ച്ചാ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകള്‍.
മൊത്തം കോവിഡ് കേസുകളുടെ മൂന്നു ശതമാനം മാത്രമായിരുന്നു ഒരാഴ്ച മുമ്പ് അമേരിക്കയിലെ ഒമിക്രോണ്‍ കേസുകള്‍. ഇപ്പോഴത് 73 ശതമാനമായി ഉയര്‍ന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ബില്‍ ഗേറ്റ്‌സിന്റെ ട്വീറ്റ്. മാസ്‌ക് ധരിക്കണമെന്നും വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it