പ്രളയത്തില്‍ സ്‌റ്റോക്ക് വെള്ളത്തിലായി വ്യാപാരികള്‍, കാര്‍ഷിക വിളകളും മുങ്ങി; കേരളത്തെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ ഓണമോ?

കൃഷിനാശവും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ ഇടയാക്കുമെന്ന ആശങ്ക ഉയരുന്നു.
പ്രളയത്തില്‍ സ്‌റ്റോക്ക് വെള്ളത്തിലായി വ്യാപാരികള്‍, കാര്‍ഷിക വിളകളും മുങ്ങി; കേരളത്തെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ ഓണമോ?
Published on

ആഘോഷങ്ങളുടെ ആവേശത്തിലേക്ക് വിപണി ഉണരുന്നതിനിടയില്‍ പെയ്തിറങ്ങിയ അപ്രതീക്ഷിത മഴയും മിന്നല്‍ പ്രളയവും വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും സമ്മാനിക്കുന്നത് അപ്രതീക്ഷിത തിരിച്ചടി. ഓണം ലക്ഷ്യമിട്ട് മാസങ്ങള്‍ക്കു മുന്‍പേ വലിയ തയാറെടുപ്പുകള്‍ നടത്തിയ മധ്യകേരളത്തിലെയും മലയോര മേഖലകളിലെയും വിപണിയാണ് നിലവില്‍ കനത്ത നാശനഷ്ടങ്ങളെ നേരിടുന്നത്.

കടകള്‍ക്കുള്ളില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ നശിച്ചതോടെ, വായ്പയെടുത്ത് സ്റ്റോക്ക് വാങ്ങിയ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനൊപ്പം അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വരവ് ഇടിയുക കൂടി ചെയ്തതോടെ വിപണിയില്‍ വിലവര്‍ധനയ്ക്കും അരങ്ങൊരുങ്ങിയിരിക്കുകയാണ്.

തുണിക്കടകള്‍, പലവ്യഞ്ജന സ്ഥാപനങ്ങള്‍, ഗൃഹോപകരണ ഷോറൂമുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് വലിയ തിരിച്ചടി നേരിട്ടത്. ഇതിനകം സ്റ്റോക്ക് വാങ്ങുന്നതിനായി വായ്പയെടുത്ത വ്യാപാരികള്‍ക്ക് നിലവിലെ സാഹചര്യം അധിക സാമ്പത്തികബാധ്യത സൃഷ്ടിച്ചേക്കാം.

ഓണക്കൃഷി വെള്ളത്തില്‍

കാര്‍ഷിക മേഖലയിലും പ്രളയം കനത്ത നാശമാണ് വിതച്ചത്. ഓണച്ചന്തകള്‍ ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയിടങ്ങള്‍ പല ഭാഗങ്ങളിലും വെള്ളത്തിനടിയിലായി.

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ ലഭ്യത കുറയുന്നത് ഓണക്കാലത്ത് വില ഉയരാനിടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കുറവ് മൂലം ഇത്തവണ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൃഷി കുറവാണ്. ഇത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറയാന്‍ ഇടയാക്കും. ഇതിനൊപ്പം സംസ്ഥാനത്തെ കൃഷിനാശം കൂടി ചേരുമ്പോള്‍ വിപണിയില്‍ വിലക്കയറ്റത്തിനാണ് കളമൊരുങ്ങുന്നത്.

പച്ചക്കറി വില ഓണമെത്തും മുമ്പേ ഉയര്‍ന്നു തുടങ്ങി. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഒട്ടുമിക്ക ഇനങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കാരറ്റിന്റെ വില ഇപ്പോഴേ 100 രൂപയ്ക്ക് മുകളിലാണ്. ഏത്തക്കായയുടെ വില രണ്ടു ദിവസം കൊണ്ട് 20 രൂപ വരെ കൂടി. എറണാകുളം മാര്‍ക്കറ്റില്‍ 70 രൂപയ്ക്ക് മുകളിലാണ് വില.

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികളുടെ വിളവെടുപ്പും ചരക്കുനീക്കവും കുറഞ്ഞതുമാണ് നിലവിലെ വിലവര്‍ധനയ്ക്കു കാരണം. മൈസൂരു, ഹൊസൂര്‍ മാര്‍ക്കറ്റുകളെയാണ് പച്ചക്കറികള്‍ക്കു കേരളത്തിലെ വ്യാപാരികള്‍ ഇപ്പോള്‍ അധികമായി ആശ്രയിക്കുന്നത്. പച്ചത്തേങ്ങയ്ക്കു വില കിലോയ്ക്ക് 70 രൂപ വരെയായി. ഓണമാകുമ്പോള്‍ തേങ്ങയുടെ വില ഇനിയും കൂടിയേക്കും. വെളിച്ചെണ്ണയുടെ വില ഒരു മാസം മുമ്പു താഴ്‌ന്നെങ്കിലും, തിരിച്ചുകയറി തുടങ്ങിയിട്ടുണ്ട്.

ഏത്തക്കായയ്ക്കും എണ്ണയ്ക്കും വില ഉയര്‍ന്നത് ഉപ്പേരി ഇനങ്ങളുടെ വില കുതിക്കാന്‍ കാരണമായി. വെളിച്ചെണ്ണയില്‍ വറുത്ത ഉപ്പേരി കിലോയ്ക്ക് 580 രൂപയാണ് നിലവിലെ വില.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com