

ജി.എസ്.ടി ഇളവില്‍ വമ്പന്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഏതാനും മാസം കാത്തിരിക്കാന്‍ ഉപയോക്താക്കള്‍ തീരുമാനിച്ചാല്‍ ഓണവിപണിക്ക് തിരിച്ചടിയാകുമോ? ഓണത്തിന് ആഘോഷ ലഹരിയിലാകുന്ന ഇലക്ട്രോണിക്‌സ്, ആഭരണ, വാഹന വിപണിയെ ജി.എസ്.ടി പരിഷ്‌ക്കരണം താത്കാലികമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കിടിലന്‍ ഓഫറുകള്‍ നല്‍കി ഇതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഒക്ടോബറിലെ ദീപാവലി സീസണില്‍ ഇരട്ടിമധുരമായി ജി.എസ്.ടി നിരക്ക് പരിഷ്‌ക്കാരം നടപ്പിലാക്കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.
എസിക്കും മറ്റ് കൂളിംഗ് അപ്ലയന്‍സിനും നിലവില്‍ ചുമത്തുന്ന 28 ശതമാനം ജി.എസ്.ടി 18 ശതമാനമാക്കി കുറക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ എ.സി വിലയില്‍ 6-10 ശതമാനം വരെ (1,500 മുതല്‍ 2,500 രൂപ വരെ) കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മികച്ചതാണെങ്കിലും താത്കാലികമായി വില്‍പ്പനയെ ബാധിച്ചേക്കാമെന്ന് ബ്ലൂസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി.ത്യാഗരാജന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഓഗസ്റ്റ് മാസത്തില്‍ എ.സി വില്‍പ്പന കുറയാനാണ് സാധ്യത. എ.സി വാങ്ങാനുള്ള പ്ലാന്‍ സെപ്റ്റംബറിലേക്കും ഒക്ടോബറിലേക്കും മാറ്റിവെക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരക്ക് കുറക്കാനുള്ള തീരുമാനമെത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് എ.സി വാങ്ങാനുള്ള മാര്‍ഗം തുറക്കുമെന്നും വില്‍പ്പന വര്‍ധിക്കുമെന്നുമാണ് വ്യാപാരികളുടെയും പ്രതീക്ഷ. നേരത്തെ എത്തിയ മണ്‍സൂണ്‍ വേനല്‍ക്കാല എ.സി വില്‍പ്പനയെ ബാധിച്ചതിന് പിന്നാലെയാണ് അടുത്ത പ്രതിസന്ധി.
അതേസമയം, എ.സി, ടെലിവിഷന്‍ വിപണിക്ക് പുതുജീവനേകാന്‍ ജി.എസ്.ടി പരിഷ്‌ക്കാരണത്തിന് കഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 32 ഇഞ്ചിന് മുകളിലുള്ള ടി.വിയുടെ വില്‍പ്പന കൂട്ടാന്‍ തീരുമാനത്തിനാകും. നിലവില്‍ 28 ശതമാനം ജി.എസ്.ടിയാണ് ഈയിനത്തിലുള്ള ഉപകരണങ്ങള്‍ക്ക് ചുമത്തുന്നത്. പുതിയ തീരുമാനത്തില്‍ നികുതി 18 ശതമാനമാകും. 32 ഇഞ്ചിന് താഴെ വലിപ്പമുള്ള ടി.വിയുടെ ജി.എസ്.ടി നിലവിലെ 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടെ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ എ.സി, ടി.വി വില്‍പ്പനയില്‍ വര്‍ധനയുണ്ടാകുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.
ഓണക്കാലത്ത് പുതിയ വാഹനം സ്വന്തമാക്കാന്‍ ഇരുന്നവര്‍ക്കും ഇപ്പോള്‍ രണ്ടുമനസാണെന്ന് ഈ രംഗത്തുള്ളവര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ഉപയോക്താക്കളില്‍ ചിലരെങ്കിലും വണ്ടിയെടുക്കാനുള്ള തീരുമാനം രണ്ട് മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. 28 ശതമാനമുള്ള ജി.എസ്.ടി 18 ശതമാനമാക്കി കുറച്ചാല്‍ വലിയൊരു തുകയുടെ ആശ്വാസം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ കമ്പനികളും ഡീലര്‍ഷിപ്പുകളും ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന സമയമാണ് ഓണക്കാലം. എക്‌സ്‌ചേഞ്ച് ഓഫറുകളും ചേര്‍ത്ത് ഒരു ലക്ഷം രൂപ വരെയാണ് ചില ബ്രാന്‍ഡുകള്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ദീപാവലി സമ്മാനത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഓണക്കാലത്തെ സ്‌പെഷ്യല്‍ ഓഫറുകള്‍ മിസാകുമെന്നാണ് വാഹന വില്‍പ്പന രംഗത്തുള്ളവരുടെ അഭിപ്രായം.
മുന്‍വര്‍ഷത്തേക്കാള്‍ വാഹന വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കാഡ) അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.രഞ്ജിത്ത് ധനം ഓണ്‍ലൈനോട് പറഞ്ഞു. വാഹന വായ്പയുടെ പലിശ നിരക്കും ചട്ടങ്ങളും ഉദാരമല്ലാത്തത്, ഉപയോക്താക്കളുടെ ഭയം, ജി.എസ്.ടി കുറക്കുമെന്ന പ്രതീക്ഷ എന്നിവയാണ് വില്‍പ്പനയില്‍ തിരിച്ചടിയായത്. പുതിയ വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണി എന്നിവക്കും 5 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തണം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനക്ക് ജി.എസ്.ടി ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കും. ജി.എസ്.ടി നിരക്ക് പരിഷ്‌ക്കരണം നടപ്പിലാകുന്നതോടെ വില്‍പ്പനയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ഷിക ബോണസും അഡ്വാന്‍ഡ് ശമ്പളവും ലഭിക്കുന്ന ഓണക്കാലത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് നടത്തുന്നത്. ഓണക്കോടിയും പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനവും വാങ്ങാതെ മലയാളിക്ക് ഓണമില്ല. ഇത് മുതലാക്കാന്‍ ഇലക്ട്രോണിക്‌സ്, വാഹന ഷോറൂമുകള്‍ ഇതിനോടകം കിടിലന്‍ ഓഫറുകളുമായി വിപണിയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ചിങ്ങം ഒന്നും ഞായറാഴ്ചയും ഒരുമിച്ച് വന്നതോടെ മിക്കയിടങ്ങളിലും മികച്ച വില്‍പ്പനയാണ് നടന്നത്. അടുത്ത ആഴ്ചയോടെ കൂടുതല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സെപ്റ്റംബറിന്റെ തുടക്കത്തില്‍ തന്നെ ഓണമെത്തിയതിനാല്‍ ആളുകള്‍ കൂടുതലായി പണം വിനിയോഗിക്കുമെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ജി.എസ്.ടിയില്‍ തീരുമാനം വരുന്നത് വരെ മലയാളി വാങ്ങല്‍ മാറ്റിവെച്ചാല്‍ എല്ലാ പ്രതീക്ഷകളും വെള്ളത്തിലാകും.
കൂടുതല്‍ പേരെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യം ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് പരസ്യ രംഗത്തുള്ളവരും പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 15-20 ശതമാനം വരെ ഇക്കുറി പരസ്യങ്ങള്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ മാത്രമൊതുങ്ങാതെ മലയാളികളുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഓണപരസ്യങ്ങള്‍ വ്യാപിക്കുന്നുണ്ട്. മെട്രോ നഗരങ്ങളായ ബംഗളൂരു, മുംബയ്, ചെന്നൈ എന്നിവിടങ്ങള്‍ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലേക്കും യു.എസിലേക്കും വരെ ഓണപരസ്യങ്ങള്‍ വ്യാപിച്ചിട്ടുണ്ട്.
With talks of GST reforms, many Kerala shoppers are delaying Onam purchases in hopes of lower tax rates. Here’s how it could impact festive sales of gold, cars, and consumer goods.
Read DhanamOnline in English
Subscribe to Dhanam Magazine