ഇത്തവണ ഓണം കളറാകും! വില്പന പൊടിപൊടിക്കാന്‍ തന്ത്രങ്ങളുമായി കമ്പനികള്‍; പൂവിപണിയില്‍ മറുനാടന്‍ ആധിപത്യം

ബെംഗളൂരു, മൈസൂരൂ, ഗുണ്ടല്‍പ്പേട്ട്, ഹൊസൂര്‍, സേലം, ഊട്ടി, കോയമ്പത്തൂര്‍, കമ്പം, തേനി, ശീലയംപട്ടി, മധുര, ഡിണ്ടിഗല്‍, തോവാള, ചിക്കമംഗലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള്‍ എത്തുന്നത്
onam sale
Published on

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിപണി ഉണരുകയാണ്. വന്‍കിട കമ്പനികളുടെ ഉത്സവകാല സീസണിന്റെ തുടക്കം കൂടിയാണ് ഓണം. കേരളത്തില്‍ ഓണത്തിന് പിന്നാലെ ഉത്തരേന്ത്യ ഉത്സവകാലത്തേക്ക് കടക്കും. ദേശീയ തലത്തില്‍ വിപണിയുടെ ചലനം ഏതുതരത്തിലെന്ന് മനസിലാക്കാന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണ് ഓണക്കാലം.

ഓണക്കാലത്ത് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ട്. ഗൃഹോപകരണ രംഗത്താണ് ഇത്തരം ബ്രാന്‍ഡുകള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. 4,000 കോടിക്ക് മുകളിലാണ് ഗൃഹോപകരണങ്ങളുടെയും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെയും ഓണവില്പന. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണവില്പന അത്രയ്ക്കങ്ങ് ശക്തമായിരുന്നില്ല. പ്രളയവും കോവിഡും വയനാട് ദുരന്തവുമെല്ലാം ഓണ വിപണിയുടെ നിറംകെടുത്തി.

ഇത്തവണ എല്ലാംകൊണ്ടും അനുകൂല സാഹചര്യമാണ്. ദീപാവലിയോട് അനുബന്ധിച്ച് ജി.എസ്.ടിയില്‍ വലിയ കുറവുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓണവില്പന കുറയ്ക്കുമോയെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. വാങ്ങല്‍ ഒരുമാസം വൈകിപ്പിക്കാന്‍ ഉപയോക്താക്കള്‍ തീരുമാനിച്ചാല്‍ വില്പനയിലും അതു പ്രതിഫലിക്കും. എന്നാല്‍ ഓണത്തിന്റെ ഡിസ്‌കൗണ്ടും വാങ്ങല്‍ രീതികളും ഉപയോക്താക്കളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് അടക്കമുള്ളവ കിട്ടുന്നത് ഓണക്കാലത്താണ്. വില്പന ഉയരാന്‍ ഇടയാക്കുന്നതും ഇതൊക്കെ തന്നെയാണ്.

പൂവിപണി സജീവം

അത്തം പിറന്നതോടെ വഴിയോരങ്ങളില്‍ പൂവില്പന സജീവമായി. മറുനാടന്‍ പൂക്കളാണ് കൂടുതലായി കേരളത്തിലേക്ക് എത്തുന്നത്. ഓഫീസുകളിലും കോളജുകളിലും ഓണഘോഷങ്ങള്‍ ഇന്നുമുതല്‍ ആരംഭിച്ചു. ഇതുവരെ വലിയ തോതില്‍ പൂവില ഉയര്‍ന്നിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൂ ലഭ്യത ഉയര്‍ന്നിട്ടുണ്ട്.

ഓറഞ്ച് ജമന്തി- കിലോയ്ക്ക് 200 രൂപ, മഞ്ഞ ജമന്തി- 250 രൂപ, വെള്ള ജമന്തി- 400 മുതല്‍ 600 രൂപ, വാടാമല്ലി- 420 രൂപ, അരളി (പിങ്ക്)- 360 രൂപ, അരളി (ചുവപ്പ്)- 600 രൂപ, റോസ് (വിവിധ നിറങ്ങള്‍)- 300 മുതല്‍ 800 രൂപ, ആസ്ട്രല്‍ (പിങ്ക്)- 420 രൂപ, ആസ്ട്രല്‍ (ബ്ലൂ)- 650 രൂപ, ഡാലിയ- 360 രൂപ, എവര്‍ഗ്രീന്‍ (ഒരു കെട്ട്)- 50 രൂപ, താമരപ്പൂ (ഒരെണ്ണം)- 30 രൂപ എന്നിങ്ങനെ പോകുന്ന പൂക്കളുടെ വില.

ബെംഗളൂരു, മൈസൂരൂ, ഗുണ്ടല്‍പ്പേട്ട്, ഹൊസൂര്‍, സേലം, ഊട്ടി, കോയമ്പത്തൂര്‍, കമ്പം, തേനി, ശീലയംപട്ടി, മധുര, ഡിണ്ടിഗല്‍, തോവാള, ചിക്കമംഗലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള്‍ എത്തുന്നത്. അത്തം മുതല്‍ തിരുവോണം വരെ കോടികളുടെ പൂ വില്‍പനയാണ് ഈ സ്ഥലങ്ങളിലെല്ലാം നടക്കുന്നത്.

പൂവ് വാങ്ങി കളം വരച്ച് പൂക്കളം ഇടാന്‍ സമയമില്ലാത്തവര്‍ക്കായി ഇന്‍സ്റ്റന്റ് പൂക്കളവും വിപണിയിലെത്തിയിട്ടുണ്ട്. പല വര്‍ണങ്ങളിലും ഡിസൈനുകളിലും ഇന്‍സ്റ്റന്റ് പൂക്കളങ്ങള്‍ ലഭ്യമാണ്. അത്യാവശ്യം വലിപ്പമുളള പൂക്കളം വാങ്ങണമെങ്കില്‍ ആയിരം രൂപയ്ക്ക് മുകളിലാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com