ഓണക്കാലം അടുക്കുന്നു, ബസുകളിലും വിമാനങ്ങളിലും നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്ക്, നേട്ടം അധിക നാൾ ഉണ്ടാവില്ല

ലക്ഷക്കണക്കിന് മലയാളികളാണ് മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയവിടങ്ങളില്‍ ജോലി, പഠന ആവശ്യങ്ങള്‍ക്കായി കഴിയുന്നത്
travelling, onam
Image courtesy: Canva
Published on

ഓണക്കാലം അടുക്കുന്നതോടെ ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മലയാളികൾ സങ്കീർണ്ണമായ യാത്രാ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ലക്ഷക്കണക്കിന് മലയാളികളാണ് മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയവിടങ്ങളില്‍ ജോലി, പഠന ആവശ്യങ്ങള്‍ക്കായി കഴിയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം വിമാനങ്ങളിലും സ്വകാര്യ ബസുകളിലും കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നുണ്ടെന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പറയുന്നു.

അതേസമയം ദീർഘദൂര ട്രെയിനുകളില്‍ ടിക്കറ്റുകൾ കിട്ടാത്തത് ഇപ്പോഴും പരിഹരിക്കപ്പെടാത്തതായ പ്രശ്നമായി തുടരുന്നു. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.

ഓണം അവധിക്കാല ദിവസങ്ങളായ ആഗസ്റ്റ് 29 തുടങ്ങിയ തീയതികളില്‍ ആഡംബര സ്വകാര്യ ബസുകളില്‍ ഏകദേശം 2,500 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,500 രൂപ മുതല്‍ 5,200 രൂപ വരെയാണ് ഈടാക്കിയിരുന്നത്. അതേസമയം ഉത്സവം അടുക്കുമ്പോൾ ഈ താൽക്കാലിക ആശ്വാസം നിലനിൽക്കില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകുന്നു.

ബംഗളൂരു, ചെന്നൈ തുടങ്ങിയവിടങ്ങളില്‍ നിന്ന് ഏകദേശം 3,000 രൂപയ്ക്ക് വിമാന ടിക്കറ്റുകളും ലഭ്യമാണ്. ഇൻഡിഗോ മാത്രം കൊച്ചിയിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് 24 അധിക സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ലൈനുകള്‍ സർവീസുകളുടെ എണ്ണം കൂട്ടിയതാണ് നിരക്കില്‍ പ്രതിഫലിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് കുറവിന്റെ ഗുണം ലഭിക്കുന്നത്. കൊച്ചി-ചെന്നൈ പോലുള്ള കുത്തക റൂട്ടുകളില്‍ ഓണം അടുക്കുന്നതോടെ തീര്‍ച്ചയായും നിരക്ക് ഉയരുമെന്നാണ് കരുതുന്നത്. കേരള, കർണാടക സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ 950 രൂപ മുതൽ ആരംഭിക്കുന്ന കൂടുതൽ താങ്ങാനാവുന്ന നിരക്കുകളുള്ള പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കാനുളള ബുദ്ധിമുട്ട് ഈ ഓണം സീസണിലും നിലനില്‍ക്കുന്നു. അവധിക്കാല തിരക്ക് നേരിടാൻ 10 പ്രത്യേക ട്രെയിനുകൾ (48 സർവീസുകൾ) അവതരിപ്പിച്ചതായാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ ഇവയില്‍ 75,000 ത്തിലധികം ബുക്കിംഗുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് മൊത്തം ട്രെയിനുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലധികമെങ്കിലും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

Onam travel rush brings temporarily lower fares for buses and flights, but prices are set to rise as the festival approaches.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com