ഒ.എന്‍.ഡി.സി വഴി ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കര്‍ഷക കൂട്ടായ്മകളുടെ എണ്ണം ഉടന്‍ 6,000 കടക്കും

കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒ.എന്‍.ഡി.സി (Open Network for Digital Commerce) വഴി തനത് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കര്‍ഷക കൂട്ടായ്മകളുടെ (farmers producer organisations) എണ്ണം ഉടന്‍ 6,000 കടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ഷക കൂട്ടായ്മകള്‍ 2023 ഏപ്രില്‍ മുതല്‍ അരി, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, തേന്‍, തിന, കൂണ്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഒ.എന്‍.ഡി.സി വഴി വില്‍പ്പന നടത്തി വരികയാണ്. ഇതുവരെ 4,000 കര്‍ഷക കൂട്ടായ്മകള്‍ ഈ സൗകര്യം ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ മൊത്തം 3,100 ഇനം മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഒ.എന്‍.ഡി.സി വഴി വിറ്റഴിച്ചിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷാവസാനത്തോടെ കര്‍ഷക കൂട്ടായ്മകളുടെ ഈ എണ്ണം 6,000 കടക്കുമെന്നാണ് ഇപ്പോള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാറ്റ്‌ഫോമാണ് ഒ.എന്‍.ഡി.സി.


Related Articles
Next Story
Videos
Share it