മാര്‍ച്ചിനുള്ളില്‍ ഒരുലക്ഷം കെ-ഫോണ്‍ കണക്ഷന്‍, സംരംഭകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി: കെ-ഫോണ്‍ എം.ഡി

500 കോടി രൂപ പ്രതിവര്‍ഷ വരുമാനം ലഭിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് കെ-ഫോണെന്നും എം.ഡി
k fon managing director Dr Santhosh Babu
canva Kfon
Published on

ഇക്കൊല്ലം മാര്‍ച്ചോടെ കേരളത്തില്‍ ഒരുലക്ഷം കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്ടിക്ക് നെറ്റ്‌വര്‍ക്ക്) കണക്ഷന്‍ പൂര്‍ത്തിയാകുമെന്ന് കെ-ഫോണ്‍ എം.ഡി ഡോ.സന്തോഷ് ബാബു. നിലവില്‍ 80,000 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ ഒരുലക്ഷം കണക്ഷന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ദേശീയപാതയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസമായതോടെയാണ് വൈകിയത്. മാര്‍ച്ചോടെ വലിയ മാറ്റത്തിനാണ് കെ-ഫോണ്‍ തയ്യാറെടുക്കുന്നത്.മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പ്രവര്‍ത്തനം വിപുലീകരിക്കും. ഒരു ബ്രാന്‍ഡ് അംബാസഡറും കെ-ഫോണിനുണ്ടാകും. കെ-ഫോണ്‍ സേവനത്തിന് ആളുകള്‍ തിരക്ക് കൂട്ടുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം ധനം ഓണ്‍ലൈനോട് പറഞ്ഞു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവക്ക് പുറമെ ബാന്‍ഡ് വിഡ്ത്തും (Band width) മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഫൈബര്‍ ഒപ്ടിക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ കെ-ഫോണ്‍ പദ്ധതി തുടങ്ങിയതെന്ന് എം.ഡി പറഞ്ഞു. പദ്ധതിക്ക് 1,500 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഇതിനോടകം 800 കോടിയിലധികം രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ 4-5 കോടി രൂപ വരെയാണ് പ്രതിമാസ വരുമാനം. 2026-27 സാമ്പത്തിക വര്‍ഷത്തോടെ 300 കോടി രൂപ വാര്‍ഷിക വരുമാനം നേടാനാണ് കെ-ഫോണ്‍ ലക്ഷ്യം വെക്കുന്നത്. 225 കോടി രൂപ പ്രതിവര്‍ഷ വരുമാനം ലഭിച്ചാല്‍ കമ്പനി ലാഭത്തിലാകും. കുറച്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ വരുമാനം ലഭിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് കെ.ഫോണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കുന്നതിലുപരി ലീസ് ലെന്‍ സേവനങ്ങളിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്.

സംരംഭകര്‍ക്കും പിന്തുണ

കേരളത്തില്‍ സംരംഭകര്‍ക്ക് ഉപയോഗപ്രദമാകുന്ന വിവിധ പദ്ധതികളും കെ-ഫോണ്‍ ആവിഷ്‌കരിക്കുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനും പ്രത്യേക ഓഫര്‍ നല്‍കാനും പദ്ധതിയുണ്ട്. സ്വകാര്യ കമ്പനികളെപ്പോലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാണ് കെ-ഫോണ്‍ ശ്രമിക്കുന്നത്. കേരളത്തിലെ എല്ലാ ആദിവാസി പ്രദേശങ്ങളിലും ഫൈബര്‍ കണക്ഷന്‍ ഇല്ലാത്ത 50 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയാണ് ലക്ഷ്യം. നിലവിലെ ഉപയോക്താക്കളെല്ലാം സംതൃപ്തരാണെന്നും ഇവരില്‍ നിന്നും കേട്ടറിഞ്ഞ് കൂടുതലാളുകള്‍ കണക്ഷന്‍ എടുക്കാന്‍ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികം വൈകാതെ സംസ്ഥാനത്തെ 4,000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെ കിട്ടും കണക്ഷന്‍

കെ-ഫോണ്‍ കണക്ഷന്‍ എടുക്കാനായി മൂന്ന് മാര്‍ഗങ്ങളാണുള്ളത്. അപേക്ഷ നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ ലഭിക്കും.

  • എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പ് വഴി നേരിട്ട് കണക്ഷനെടുക്കാം. ആപ്പ് ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ലഭ്യമാണ്

  • Kfon.in എന്ന വെബ്‌സൈറ്റിലെത്തിയാലും കണക്ഷന്‍ എടുക്കാവുന്നതാണ്.

  • 1800 570 4466 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാലും കണക്ഷന്‍ എടുക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com