വോട്ടിംഗ് യന്ത്രത്തിന് മാത്രം 10,000 കോടി; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'നുള്ള ചിലവ് കേട്ടാല്‍ ഞെട്ടും
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ച ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് വേണ്ടി വരുന്ന ചിലവുകള്‍ കേട്ടാല്‍ കണ്ണ് തള്ളും. രാജ്യത്ത് എല്ലായിടത്തും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ 15 വര്‍ഷം കൂടുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് മാത്രം 10.000 കോടി രൂപ ചിലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഓരോ 15 വര്‍ഷം കൂടുമ്പോള്‍ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വരും. പുതിയ യന്ത്രങ്ങള്‍ പോളിംഗ് സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ചിലവുകള്‍ ഇതിന് പുറമെയാണ്.
ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ 7,951 കോടി രൂപ ചിലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അധിക വോട്ടിംഗ് മെഷീനുകള്‍ വാങ്ങുന്നതിനും സുരക്ഷാ സേനയെ വിന്യസിപ്പിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ചിലവുകള്‍.
നടപ്പാക്കാന്‍ സമയമെടുക്കും
രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ 2029 വരെ സമയം വേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, 2034 ല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സമിതി അഭിപ്രായപ്പെട്ടിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങളുടെ സംഭരണം, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് കൂടുതല്‍ സമയമെടുക്കുമെന്നാണ് സമിതി ചൂണ്ടിക്കാട്ടിയത്. ഒറ്റ തെരഞ്ഞെടുപ്പിന് നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം കേന്ദ്ര സുരക്ഷാ സേന ആവശ്യമായി വരും. ഏഴു ലക്ഷം സൈനികരെ വിന്യസിക്കേണ്ടി വരും. രാജ്യത്തുടനീളം ഇ.വി.എമ്മുകളും വിവി.പാറ്റുകളും സൂക്ഷിക്കാന്‍ 800 അധിക വെയര്‍ഹൗസുകള്‍ കണ്ടെത്തേണ്ടി വരും. മൊത്തം പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 13.6 ലക്ഷമായി ഉയർത്തണം. 26.5 ലക്ഷം ബാലറ്റ് യൂണിറ്റുകള്‍, 17.8 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍, വിവി പാറ്റ് മെഷീനുകള്‍ എന്നിവയും ആവശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine

