ഇനി യുദ്ധമുണ്ടായാലും ഇന്ത്യ കുടുങ്ങില്ല! ഇന്ധന പ്രതിസന്ധിക്ക് പൂട്ടിടാന്‍ ഒഎന്‍ജിസിയുടെ മാസ്റ്റര്‍ പ്ലാന്‍; പിന്തുണയുമായി യുഎഇ ഭീമന്മാരും

യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (ADNOC) നിലവില്‍ മംഗളൂരുവിലെ സംഭരണശാലകളില്‍ സ്ഥലം വാടകയ്ക്കെടുത്ത് എണ്ണ സൂക്ഷിക്കുന്നുണ്ട്.
ഇനി യുദ്ധമുണ്ടായാലും ഇന്ത്യ കുടുങ്ങില്ല! ഇന്ധന പ്രതിസന്ധിക്ക് പൂട്ടിടാന്‍ ഒഎന്‍ജിസിയുടെ മാസ്റ്റര്‍ പ്ലാന്‍; പിന്തുണയുമായി യുഎഇ ഭീമന്മാരും
Published on

മിഡില്‍ ഈസ്റ്റിലെ അപ്രതീക്ഷിത യുദ്ധത്തില്‍ നിന്ന് പാഠംപഠിക്കാനുറച്ച് ഇന്ത്യ. ഊര്‍ജലഭ്യത കൂടുതല്‍ സുഗമമാക്കാന്‍ സുപ്രധാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ്. കര്‍ണാടകയിലെ മംഗളൂരുവില്‍ 1.75 ദശലക്ഷം ടണ്‍ ശേഷിയുള്ള പുതിയ തന്ത്രപ്രധാന അസംസ്‌കൃത എണ്ണ സംഭരണകേന്ദ്രം നിര്‍മിക്കാന്‍ ഒ.എന്‍.ജി.സി ബോര്‍ഡ് അനുമതി നല്‍കി.

ഇറാന്‍ യുദ്ധകാലത്ത് ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണമായും അടച്ചിടേണ്ടി വന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ഊര്‍ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവിയിലെ അടിയന്തിര ആവശ്യങ്ങള്‍ക്കായി കരുതല്‍ എണ്ണശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

എണ്ണശേഖരം നിര്‍മിക്കുന്നതിനായി സ്വന്തം ഫണ്ട് നിക്ഷേപിക്കുന്ന ആദ്യ പൊതുമേഖല കമ്പനിയാണ് ഒഎന്‍ജിസി. ഇതുവരെ പൊതുമേഖല എണ്ണക്കമ്പനികള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കുള്ള സംഭരണശാലകള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്.

പുതിയ പദ്ധതിക്ക് എത്ര തുക ചിലവ് വരുമെന്നോ, എപ്പോള്‍ പൂര്‍ത്തിയാകുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗിലാണ് ഒഎന്‍ജിസി ഇക്കാര്യം അറിയിച്ചത്. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സൗകര്യങ്ങളും മംഗളൂരുവില്‍ വികസിപ്പിക്കും.

വരുന്നത് വലിയ പദ്ധതി

ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായ മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന് (MRPL) മംഗളൂരുവില്‍ പ്രതിദിനം 3,00,000 ബാരല്‍ ശേഷിയുള്ള എണ്ണ ശുദ്ധീകരണ ശാലയുണ്ട്. യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (ADNOC) നിലവില്‍ മംഗളൂരുവിലെ സംഭരണശാലകളില്‍ സ്ഥലം വാടകയ്ക്കെടുത്ത് എണ്ണ സൂക്ഷിക്കുന്നുണ്ട്.

ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ച വേളയില്‍, ഇന്ത്യയിലെ അസംസ്‌കൃത എണ്ണ സംഭരണ ശേഷി 30 ദശലക്ഷം ബാരല്‍ വരെയായി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഒഡീഷയിലെ ചണ്ഡികോലില്‍ 4 മെട്രിക് ടണ്‍ ശേഷിയുള്ള തന്ത്രപ്രധാന സംഭരണ കേന്ദ്രവും, കര്‍ണാടകയിലെ പദൂരില്‍ 2.5 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയൊരു കേന്ദ്രവും നിര്‍മിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി കുറഞ്ഞത് ഒരു മാസത്തേക്കുള്ള അസംസ്‌കൃത എണ്ണ, എല്‍എന്‍ജി, എല്‍പിജി എന്നിവ കരുതല്‍ ശേഖരമായി സൂക്ഷിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ നേരിട്ട് പണം മുടക്കുന്നതിന് പുറമെ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (PPP) മാതൃകയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നിലവിലെ സംഭരണ ശേഷി

ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡിന്റെ (ISPRL) കീഴില്‍ രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലായി നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ ഭൂഗര്‍ഭ സംഭരണശാലകളുണ്ട്. ഇവയുടെ ആകെ ശേഷി 5.33 ദശലക്ഷം ടണ്‍ ആണ്. ഇതിന് പുറമെ, മറ്റ് രണ്ട് കേന്ദ്രങ്ങളിലായി 6.5 ദശലക്ഷം ടണ്‍ ശേഷിയുള്ള സംഭരണശാലകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മംഗളൂരുവിലെ പുതിയ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ എണ്ണ റിസര്‍വ് വര്‍ധിക്കും.

ONGC plans a new strategic crude oil storage facility in Mangalore to strengthen India’s energy security amid geopolitical risks

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
ബംഗാളില്‍ എണ്ണയുഗത്തിന് തുടക്കം: അശോക്‌നഗര്‍ എണ്ണപ്പാടത്തുനിന്ന് ആദ്യ ക്രൂഡ് ഓയില്‍ ഹാല്‍ദിയയിലേക്ക്; മമത തടഞ്ഞ ഖനനം ഇന്ത്യയ്ക്ക് വഴിത്തിരിവാകുമോ?
Crude Barrels, Venezuela Map and Flag
Donald Trump looking serious in the foreground; behind him, Vladimir Putin and Narendra Modi are walking and talking in front of a background filled with oil barrels
```html ```
logo
DhanamOnline
dhanamonline.com