

പശ്ചിമ ബംഗാളിലെ അശോക്നഗര്‍ എണ്ണപ്പാടത്തുനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ക്രൂഡ് ഓയില്‍ ഉല്‍പാദനം ആരംഭിച്ച് പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി (ONGC). ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിച്ച 12,000 ലിറ്റര്‍ ക്രൂഡ് ഓയിലുമായി ടാങ്കര്‍ ഹാല്‍ദിയ റിഫൈനറിയിലെത്തി.
കൊല്‍ക്കത്തയില്‍നിന്ന് ഏകദേശം 48 കിലോമീറ്റര്‍ അകലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബൈഗാച്ചിയിലാണ് എണ്ണപ്പാടം. കൂടുതല്‍ എണ്ണക്കിണറുകള്‍ കുഴിച്ച് ഇവിടെ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ബംഗാള്‍ ബേസിനിലെ ഒഎന്‍ജിസിയുടെ ആദ്യ വാണിജ്യ ഹൈഡ്രോകാര്‍ബണ്‍ കണ്ടെത്തലാണിത്. ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര എണ്ണ-വാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഈ നേട്ടം സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. മേയ് 30ന് ഡ്രില്ലിംഗ് ആരംഭിച്ച് മൂന്നുമാസം തികയുന്നതിനു മുമ്പാണ് നേരിയതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ക്രൂഡ് ഓയില്‍ ലഭിച്ചത്.
അശോക്നഗറില്‍ നിലവില്‍ രണ്ട് എണ്ണക്കിണറുകളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇവിടെനിന്ന് പ്രതിദിനം ഏകദേശം 20,000 ലിറ്റര്‍ ക്രൂഡ് ഓയില്‍ ഹാല്‍ദിയ റിഫൈനറിയിലേക്ക് എത്തിക്കാനാണ് ഒഎന്‍ജിസി ലക്ഷ്യമിടുന്നത്. ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി അഞ്ചോ ആറോ പുതിയ കിണറുകള്‍ കൂടി കുഴിക്കാനും പദ്ധതിയുണ്ട്.
മുംബൈ ഹൈ ഓഫ്ഷോര്‍ എണ്ണപ്പാടത്തുനിന്ന് ലഭിക്കുന്ന ക്രൂഡ് ഓയിലിന് സമാനമായ ഉയര്‍ന്ന ഗുണനിലവാരമാണ് അശോക്നഗറിലെ എണ്ണയ്ക്കുള്ളതെന്നാണ് വിലയിരുത്തല്‍. സള്‍ഫറിന്റെ അളവ് കുറവായതിനാല്‍ ശുദ്ധീകരണവും താരതമ്യേന എളുപ്പമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡിനേക്കാള്‍ ശുദ്ധീകരിക്കാന്‍ എളുപ്പമുള്ളതാണ് ഈ ക്രൂഡ്.
അശോക്നഗറില്‍ ഓയില്‍, ഗ്യാസ് സാന്നിധ്യം കണ്ടെത്തുന്നത് 2018ലാണ്. 2020ല്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥലം സന്ദര്‍ശിക്കുകയും വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് കോവിഡ് മഹാമാരിയും സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജി ക്രൂഡ് ഖനനത്തിന് എതിരായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാതിരുന്നതോടെ ഇവിടെ നിന്നുള്ള ഉത്പാദനം പിന്നീട് നിലച്ചു.
ബംഗാളില്‍ ഭരണമാറ്റം വരികയും സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വരികയും ചെയ്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചത്. പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാന സര്‍ക്കാരിന് വരുമാന വര്‍ധനയ്ക്കും ഈ പദ്ധതി വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine