സവാളയുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ വൈകി, കേന്ദ്രത്തിന്റെ പ്രായശ്ചിത്തം ഉടന്‍?

വലിയ പെരുന്നാള്‍ (ബക്രീദ്) പ്രമാണിച്ച് ആവശ്യകത കൂടിയതും വിപണി ലഭ്യത കുറഞ്ഞതും കാരണം സവാള വിലയില്‍ വന്‍ വര്‍ധനവ്. സവാളയുടെ വില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് കര്‍ഷകര്‍ കൂടുതല്‍ സ്റ്റോക്ക് സൂക്ഷിക്കുന്നതും വില വര്‍ധനവിന് കാരണമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സവാള കര്‍ഷകരില്‍ നിന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ കര്‍ഷകരെ സ്വാധീനിക്കാനുള്ള കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നേക്കുമെന്ന് സൂചനയുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര ചന്തയായ നാസിക്കിലെ ലസല്‍ഗാവില്‍ കഴിഞ്ഞ ദിവസം ഒരു കിലോ സവാളയുടെ വില 26 രൂപയായിരുന്നു. മേയ് 25ന് ഇവിടെ 17 രൂപയായിരുന്നു വില. മേല്‍ത്തരം സവാളയ്ക്ക് കിലോയ്ക്ക് 30 രൂപ വരെയായി. അടുത്ത ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ മുതല്‍ വിപണിയിലെത്തേണ്ട സവാള, വില കൂടുമെന്ന പ്രതീക്ഷയില്‍, കര്‍ഷകരും ഇടനിലക്കാരും കൂടുതലായി സ്റ്റോക്ക് ചെയ്യുന്നുണ്ട്.
40 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ കയറ്റുമതിയിലും കാര്യമായ ഇടിവ് നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും കര്‍ഷകരിലുണ്ട്. ഈ മാസം 17ന് വലിയ പെരുന്നാള്‍ പ്രമാണിച്ച് വിപണിയില്‍ സവാളയ്ക്ക് ആവശ്യകതയും ഏറിയിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സവാളയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്നും കര്‍ഷകര്‍ പറയുന്നു.
ബി.ജെ.പിയെ കരയിച്ച സവാള
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായത് സവാള കര്‍ഷകരുടെ രോഷമായിരുന്നു. രാജ്യത്ത് വിലക്കയറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ സവാള കൃഷി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് നാസിക്ക്. കേന്ദ്രസഹമന്ത്രി ഭാരതി പവാറിനെ ദിണ്ടോറിയിലും മുന്നണി സ്ഥാനാര്‍ത്ഥി ഹേമന്ത് ഗോഡ്‌സേയെ നാസിക്കിലും കര്‍ഷകര്‍ പരാജയപ്പെടുത്തി. ഏതാണ്ട് 11 സീറ്റുകളില്‍ കര്‍ഷകരുടെ വോട്ടുകള്‍ നിര്‍ണായകമായി.
രാഷ്ട്രീയം പറയുന്ന സവാള
2023 ഡിസംബര്‍ എട്ട് മുതലാണ് വിദേശത്തേക്കുള്ള സവാളയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കഴിഞ്ഞ മാസം കയറ്റുമതി നിരോധനം പിന്‍വലിച്ചെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റവും കുറഞ്ഞ വില ടണ്ണിന് 550 ഡോളറായി നിശ്ചയിക്കുകയും 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് തുടരുകയും ചെയ്തത് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി. പല കര്‍ഷകരും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെവികൊണ്ടില്ലെന്നാണ് ഇവരുടെ പരാതി. ഈ അവസരം ഇന്ത്യാ മുന്നണി ശരിയായി ഉപയോഗിച്ചു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് കര്‍ഷകരുടെ അസംതൃപ്തിയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമ്മതിക്കേണ്ടിയും വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്ന സന്ദേശം കൂടി നല്‍കാനാണ് കര്‍ഷകര്‍ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it