ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് പൂട്ടുമായി കേന്ദ്രം; പരസ്യങ്ങളില്‍ തല കാണിക്കുന്നവര്‍ക്കും കുരുക്ക്

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ചില സിനിമ താരങ്ങള്‍ ഇത്തരം ഗെയിമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി എത്തിയത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.
online games, danger board and online game
canva
Published on

രാജ്യത്ത് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്കു മേല്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്കിയിരുന്നു. ഇന്ന് പാര്‍ലമെന്റില്‍ വച്ച ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും. പണംവച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ പലരെയും ആത്മഹത്യയിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നുവെന്ന കണ്ടെത്തലാണ് കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് 30 ശതമാനം ജി.എസ്.ടിയായിരുന്നു ഈടാക്കിയിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതും കേന്ദ്ര നീക്കത്തിന് കാരണമായി.

കേന്ദ്രത്തിന്റെ കത്രികപ്പൂട്ട്

ഓണ്‍ലൈന്‍ ചൂതാട്ടത്തെ എല്ലാതരത്തിലും പൂട്ടുന്ന രീതിയിലുള്ള ബില്ലാണ് പാര്‍ലമെന്റില്‍ വച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സേവനങ്ങള്‍ പ്രചരിപ്പിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്താല്‍ മൂന്നുവര്‍ഷ തടവോ ഒരു കോടി രൂപ വരെ പിഴയോ ചിലപ്പോള്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ രണ്ടുവര്‍ഷം പിഴയും 50 ലക്ഷം രൂപ വരെ പിഴത്തുകയും ഈടാക്കും.

ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്കായി സേവനങ്ങള്‍ നല്കുന്ന ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പേയ്‌മെന്റ് ഗേറ്റ്‌വേ സൗകര്യങ്ങള്‍ അനുവദിച്ച് നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പെനാല്‍റ്റി ചുമത്തും. മൂന്നുവര്‍ഷം വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷയും ലഭിക്കാം.

പരസ്യത്തില്‍ വരുന്നവരും ജാഗ്രതൈ

പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലില്‍ കടുത്ത വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിലെ മോശം പ്രവണതകളെ നിയന്ത്രിക്കുക മാത്രമല്ല ഇത്തരം ഗെയിമുകളെ പ്രമോട്ട് ചെയ്യുന്നവരെയും ബില്‍ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ചില സിനിമ താരങ്ങള്‍ ഇത്തരം ഗെയിമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി എത്തിയത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. നിയമം ലംഘിച്ചാല്‍ കഠിനമായ ശിക്ഷകളാണ് ലഭിക്കുകയെന്നും ബില്ലില്‍ പറയുന്നു. ഓണ്‍ലൈന്‍ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരാള്‍ക്കും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

സെലിബ്രിറ്റികള്‍, ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. അതേസമയം, വിനോദത്തിനായി മാത്രം ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പുകളെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗുണങ്ങള്‍

  • ഗെയിമുകള്‍ക്ക് അടിമപ്പെടുന്നതില്‍ നിന്ന് പോകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാനാകും. പ്രത്യേകിച്ച് യുവജനങ്ങളെ

  • ചൂതാട്ടത്തില്‍പ്പെട്ട് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് ഒഴിവാകും

  • ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരേ ഏകീകൃത നിയമം. ഇപ്പോള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളാണ്.

  • മാനസിക, ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുന്ന ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കപ്പെടും

ദോഷവശങ്ങള്‍

  • ഓരോ വര്‍ഷവും 20,000 കോടി രൂപയ്ക്ക് മുകളില്‍ നികുതിയിനത്തില്‍ കേന്ദ്രത്തിന് ലഭിക്കുന്നത് ഇല്ലാതാകും

  • ഗെയിമിംഗ് മേഖലയുമായി ബന്ധപ്പെട്ട് 2 ലക്ഷം പേരെങ്കിലും ജോലി ചെയ്യുന്നുണ്ട്. ഇവരുടെ തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണി

  • ഗെയിമിംഗ് അധിഷ്ടിത സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള വിദേശ നിക്ഷേപം നിലയ്ക്കും

  • മറ്റ് അനധികൃത ചൂതാട്ട സൈറ്റുകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com