Begin typing your search above and press return to search.
എഞ്ചിനീയറിങ് ബിരുദക്കാരില്‍ പണി കിട്ടാന്‍ സാധ്യത പത്തിലൊന്നു പേര്‍ക്ക്
ഇന്ത്യയിലെ 15 ലക്ഷം വരുന്ന എഞ്ചിനീയറിങ് ബിരുദധാരികളില്‍ ഈ വര്‍ഷം എത്ര പേര്‍ക്ക് ജോലി കിട്ടും? 10 ശതമാനത്തിനു മാത്രമെന്ന് പഠനം. ബിരുദം നേടിയവില്‍ പലര്‍ക്കും പ്രായോഗികമായ വൈദഗ്ധ്യമില്ല. തൊഴിലുടമ ആവശ്യപ്പെടുന്ന വിധത്തില്‍ വ്യവസായ മേഖലക്ക് ഇണങ്ങുന്ന അറിവുമില്ല. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സാങ്കേതിക മികവിനും വലിയ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുന്നത്.
പ്രതിവര്‍ഷം 15 ലക്ഷം എഞ്ചിനീയറിങ് ബിരുദധാരികളാണ് പഠിച്ചു പുറത്തിറങ്ങുന്നത്. എന്നാല്‍ അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് തൊഴില്‍ കിട്ടുന്നത്. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കിടയില്‍ തൊഴില്‍ സാധ്യത 60 ശതമാനമാണ്. 45 ശതമാനം മാത്രമാണ് വ്യവസായ മേഖലക്ക് ഉതകുന്ന നിലവാരം പുലര്‍ത്തുന്നത്. ഇതുമൂലം 15 ലക്ഷത്തില്‍ 10 ശതമാനത്തിനു മാത്രമാണ് തൊഴില്‍ കിട്ടാന്‍ സാധ്യത. ടീം ലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോള ഊര്‍ജകേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പെരുമക്കിടയില്‍ തന്നെയാണ് മികവിന്റെ കാര്യത്തില്‍ ഈ ദുസ്ഥിതി. ഇന്ത്യയുടെ വികസനത്തില്‍ എഞ്ചിനീയറിങ്ങാണ് മൂലക്കല്ലായി നില്‍ക്കുന്നത്. തൊഴില്‍ നേടാന്‍ മിക്കവരും തെരഞ്ഞെടുക്കുന്നതും ഈ മേഖല തന്നെ. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെയും പുരോഗതിയേയും രൂപപ്പെടുത്തുന്നത് എഞ്ചിനീയറിങ് മേഖലയാണ്.
10 ലക്ഷം എഞ്ചിനീയര്‍മാരെ ആവശ്യമായി വരും, പക്ഷേ...
നൂതന വൈദഗ്ധ്യം നേടിയ 10 ലക്ഷം എഞ്ചിനീയര്‍മാരെ ഇന്ത്യയുടെ സാങ്കേതികവിദ്യ രംഗത്തിന് വേണ്ടിവരുമെന്നാണ് നാസ്‌കോം പഠനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അതിനൂതന ടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങള്‍, സെമി കണ്ടക്ടറുകള്‍ തുടങ്ങിയ മേഖലകളില്‍ രണ്ടു മൂന്നു വര്‍ഷത്തിനകം കൂടുതല്‍ തൊഴില്‍ സാധ്യതകളുണ്ട്. 2028 ആകുമ്പോള്‍ ഡിജിറ്റല്‍ പ്രതിഭാശേഷിയുടെ ആവശ്യവും ലഭ്യതയും തമ്മിലെ അന്തരം 25ല്‍ നിന്ന് 30 ശതമാനമാകും. സൈബര്‍ സുരക്ഷ, ഐ.ടി, റോബോട്ടിക്‌സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ വൈദഗ്ധ്യമുള്ളവരുടെ കുറവ് വര്‍ധിക്കുകയാണ്. പതിവ് പഠന രീതികള്‍ പോരാത്ത സ്ഥിതി. സാങ്കേതിക വിദ്യാഭ്യാസവും വൊക്കേഷണല്‍ ട്രെയിനിംഗും സംയോജിപ്പിച്ചുള്ള നടപടികളാണ് ആവശ്യമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Next Story
Videos