മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്കു ചെന്നൈ നൽകുന്ന സൂചന

ഒരു വാട്ടര്‍ ടാങ്കറിന് ചുറ്റും നൂറോളം പേര്‍. റെസ്റ്റോറന്റുകള്‍ പലതും അടച്ചു. കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി. മാളുകളുടെ ശുചിമുറികള്‍ പൂട്ടി. വീടുകളുടെ ടാപ്പുകള്‍ ഉണങ്ങി. ജലസ്രോതസുകള്‍ വറ്റിവരണ്ടു. ചെന്നൈ ഭയാനകമായ വരള്‍ച്ചയിലേക്കാണ് ഇത്തവണ എത്തിയിരിക്കുന്നത്.

വരള്‍ച്ച രൂക്ഷമായ ചൈന്നൈ നഗരത്തിന്റെ അവസ്ഥ ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ പങ്കുവെച്ചിരുന്നു. കുടിവെള്ളത്തിനായി ഒരു കിണറിന് ചുറ്റും അനേകം സ്ത്രീകള്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മഴയ്ക്കുമാത്രമേ ഈ അവസ്ഥയില്‍ നിന്നും ചെ്‌ന്നൈയെ രക്ഷിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.

''ചെന്നെ വലിയ ദുരിതത്തിലാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന വെള്ളം കിട്ടുന്നതിനായി ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നു. ഹോട്ടലുകളും മറ്റും അടച്ചുതുടങ്ങി. അധികാരികള്‍ മറ്റുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു.'' ഡികാപ്രിയോ ചിത്രത്തോടൊപ്പം കുറിച്ചു. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഇദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്.

കഴിഞ്ഞ മണ്‍സൂണ്‍ വളരെ ദുര്‍ബലമായതാണ് ഇതിന് പ്രകടമായ കാരണം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം മാത്രമല്ല ഈ അവസ്ഥയ്ക്ക് കാരണം. ഈ വരള്‍ച്ച മനുഷ്യന്‍ ഉണ്ടാക്കിവെച്ച ദുരന്തമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ കൂടുതല്‍ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ ഈ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

നിതി ആയോഗിന്റെ പഠനപ്രകാരം ഡല്‍ഹിയും ബാംഗ്ലൂരും അടക്കമുള്ള 21 ഇന്ത്യന്‍ നഗരങ്ങളില്‍ അടുത്ത വര്‍ഷത്തോടെ ഭൂഗര്‍ഭജലം വറ്റാനുള്ള സാധ്യതയാണുള്ളത്. ജലക്ഷാമവും ശുദ്ധജലലഭ്യതക്കുറവും 600 മില്യണ്‍ പേരെ ഭീകരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it