Begin typing your search above and press return to search.
ക്രൂഡ് ഓയിലില്‍ സുപ്രധാന നീക്കവുമായി ഒപെക് പ്ലസ്, തലവേദന ഇന്ത്യയ്ക്ക്; സൗദി നീക്കം ഫലിക്കുമോ?
എണ്ണ ഉത്പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി ഒപെക് പ്ലസ് രാജ്യങ്ങള്‍. ഡിസംബര്‍ വരെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതിന് കാരണങ്ങള്‍ പലതാണ്. ചൈന അടക്കം എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുകയാണ്. ഇത് വിലയിലും പ്രതിഫലിക്കുന്നു.
ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ അളവില്‍ എണ്ണ വിപണിയിലേക്ക് ഒഴുകുകയാണ്. വില താഴ്ന്നു നില്‍ക്കാന്‍ അനിയന്ത്രിതമായ ഉത്പാദനം കാരണമാണ്. ആവശ്യകത ഉയരുംവരെ ഉത്പാദനത്തില്‍ നിയന്ത്രണം വരുത്തുന്നത് വില ഉയര്‍ത്താന്‍ ഇടയാക്കുമെന്ന് ഒപെക് പ്ലസ് കണക്കുകൂട്ടുന്നു.
ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍
എണ്ണവില ശരാശരിയിലും താഴെ പോകുന്നത് ആശങ്കയോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നോക്കികാണുന്നത്. പ്രധാന വരുമാന മാര്‍ഗം എണ്ണയായതിനാല്‍ മറ്റ് രാജ്യങ്ങളിലെ മാന്ദ്യം എണ്ണ ഉത്പാദക രാജ്യങ്ങളുടെ വരുമാനത്തെ ബാധിക്കും. എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ ആദ്യം പ്രഖ്യാപിക്കുന്നത് ജൂണിലാണ്. ഒക്ടോബര്‍ വരെ നിയന്ത്രണമെന്നതായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ആവശ്യകത ഉയരാതിരുന്നതോടെ സെപ്റ്റംബറില്‍ തീരുമാനം വീണ്ടും മാറ്റി.
ഒക്ടോബറില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷതയില്‍ നില്‍ക്കുമ്പോള്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലെത്തിയിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ അയവു വന്നതോടെ വില 73 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് 80 ഡോളര്‍ പോലും മതിയായ വിലയല്ലാത്ത അവസ്ഥയില്‍ 70കളിലേക്ക് വീണത് ഉത്പാദക രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.
ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മാന്ദ്യരീതി ഉടനെങ്ങും മാറിയേക്കില്ലെന്ന ഭയം ഒപെക് പ്ലസ് രാജ്യങ്ങള്‍ക്കുണ്ട്. ഉത്പാദനം കുറയ്ക്കാത്ത പക്ഷം വില വീണ്ടും ഇടിഞ്ഞേക്കുമെന്ന സൂചനകള്‍ ലഭിച്ചതാണ് നിര്‍ണായക തീരുമാനത്തിലേക്ക് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നയിച്ചത്.
ഇന്ത്യയ്ക്ക് നിരാശ
രാജ്യാന്തര എണ്ണവിലയില്‍ ഉണ്ടാകുന്ന ഏതൊരു കുറവും ഇന്ത്യയ്ക്ക് സന്തോഷം പകരുന്നതാണ്. എന്നാല്‍ ഒപെക് പ്ലസിന്റെ പുതിയ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാരിന് അത്ര ഗുണകരമല്ല. പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്ന ആവശ്യങ്ങള്‍ക്കിടയില്‍ എണ്ണവില വീണ്ടും കയറുന്നത് ഇത്തരമൊരു പദ്ധതിക്ക് തടസമാകും. നിലവില്‍ ബ്രെന്റ് ക്രൂഡ് വില ഒന്നര ശതമാനത്തോളം ഉയര്‍ന്ന് 74 ഡോളറിന് മുകളിലാണ്.
Next Story
Videos