ഇന്ധന വില കൂടിയേക്കും ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് +
ഒക്ടോബര്‍ മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച് ഓപെക് പ്ലസ് (Opec+) രാജ്യങ്ങള്‍. പെട്രോളിയം കയറ്റിയ അയക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ചേര്‍ന്നതാണ് ഒപെക് പ്ലസ്. പ്രതിദിനം 100,000 ബാരലിന്റെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം.
ആഗോള തലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ആഗോള വിതരണത്തിന്റെ 0.1 ശതമാനം ആണ് 100,000 ബാരല്‍. കഴിഞ്ഞ ആഴ്ച മാര്‍ക്കറ്റ് ഡിമാന്‍ഡ് സംബന്ധിച്ച പ്രവചനം 900,000 ബാരലില്‍ നിന്ന് 400,000 ആയി ഒപെക് പ്ലസ് പുനര്‍നിശ്ചയിച്ചിരുന്നു. ആഗോള എണ്ണ ഉല്‍പ്പാദനത്തിന്റെ 44 ശതമാനവും ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. ഉല്‍പ്പാദനം കുറയ്ക്കുന്നതോടെ ഇന്ത്യയില്‍ ഉള്‍പ്പെട ഇന്ധന വില ഉയരും.
ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിയിന്റെ വില ബാരലിന് 3 ഡോളര്‍ ഉയര്‍ന്ന് 96.65 ഡോളറില്‍ എത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വിലയില്‍ ഒരു ഡോളറിന്റെ വര്‍ധനവ് ഉണ്ടായാല്‍ പോലും കറന്റ് അക്കൗണ്ട് കമ്മി ഒരു ബില്യണ്‍ ഡോളറോളം വര്‍ധിക്കും. ഇന്ധന ഉപഭോഗത്തില്‍ മൂന്നാമത് നില്‍ക്കുന്ന ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതേ സമയം റഷ്യ വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച യൂറോപ്പില്‍ ഗ്യാസ് വില 30 ശതമാനത്തോളം ഉയര്‍ന്നിരുന്നു.