Begin typing your search above and press return to search.
കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കായി ഓപ്പണ്‍ ടോപ്പ് ഡബിൾ ഡക്കർ ബസ്, നഗരത്തിന്റെ രാത്രി കാഴ്ചകള്‍ ആവോളം ആസ്വദിക്കാം
കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ‘ഓപ്പണ്‍ ടോപ്പ് ഡബിൾ ഡക്കർ’ സര്‍വീസ് കെ.എസ്.ആര്‍.ടി.സി ക്രമീകരിക്കുന്നു. കൊച്ചിയിലെ യാത്രക്കാര്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് തോപ്പുംപടി-അങ്കമാലി റൂട്ടില്‍ നിലവില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ ഡബിൾ ഡക്കർ ബസ് ടൂറിസ്റ്റുകള്‍ക്കായാണ് സജ്ജീകരിക്കുന്നത്.
തലശ്ശേരിയിൽ നിന്നാണ് കൊച്ചിയിലേക്ക് ഡെക്കർ ബസ് കൊണ്ടുവന്നിരിക്കുന്നത്. ഈ ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ ബസ് നേരത്തെ തലശ്ശേരി ഡിപ്പോയിൽ ഹെറിറ്റേജ് ടൂർ സർവീസ് നടത്തിയിരുന്നു.
തിരുവനന്തപുരത്ത് നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന 'സിറ്റി ടൂർ' മാതൃകയിൽ സര്‍വീസ് ഒരുക്കാനാണ് കെ.എസ്.ആര്‍.ടി.സി യുടെ പദ്ധതി. ടൂറിസ്റ്റുകള്‍ക്ക് വൈകുന്നേരവും രാത്രിയും കൊച്ചിയുടെ കാഴ്ചകൾ ആസ്വദിക്കാനായി 6 മണിക്ക് ശേഷം സിറ്റി ടൂർ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആ സമയത്ത് നഗരത്തില്‍ തിരക്ക് കുറവായിരിക്കും എന്നതും പ്രധാന ഘടകമാണ്.
റൂട്ടുകള്‍ പരിഗണനയില്‍
മാധവ ഫാർമസിയിൽ നിന്ന് എംജി റോഡിലൂടെ ഫോർട്ട് കൊച്ചിയിലേക്കുള്ള റൂട്ടുകളിലൊന്നാണ് നിലവില്‍ അധികൃതര്‍ പരിഗണിക്കുന്നത്. ബസിന്റെ റൂട്ടും ഷെഡ്യൂളും അന്തിമമാക്കുന്നതിന് മുമ്പ് രണ്ട്, മൂന്ന് റൂട്ടുകളിൽ കൂടി പരീക്ഷണയോട്ടം നടത്തുന്നതാണ്. ഇടുങ്ങിയ റോഡുകളും കെട്ടിടങ്ങളുടെ ഘടനകളും മരങ്ങളുടെ ഉയരവും തടസങ്ങൾ സൃഷ്ടിക്കാത്ത റൂട്ടുകള്‍ക്കായിരിക്കും പ്രഥമ പരിഗണനകള്‍ നല്‍കുന്നത്. ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ ആയതിനാല്‍ ബസിന്റെ മുകളിലെ ഭാഗത്തിന് മേല്‍ക്കൂര കാണുകയില്ല.
സര്‍വീസ് വിജയകരമായാല്‍ മറ്റൊരു ബസ് കൂടി വിന്യസിക്കാനും കെ.എസ്.ആര്‍.ടി.സി ഉദ്ദേശിക്കുന്നുണ്ട്. അങ്കമാലി-തോപ്പുംപടി റൂട്ടില്‍ നിലവിലുളള പാസഞ്ചർ സർവീസായി ഓടുന്ന ഡബിള്‍ ഡക്കര്‍ ബസായിരിക്കും ഇത്.
'സിറ്റി ടൂർ' സര്‍വീസിന് വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സര ഉത്സവ സീസണിൽ വളരെയധികം ഡിമാൻഡുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 70 സീറ്റുകളാണ് ബസില്‍ ഉളളത്. ബസില്‍ മികച്ച ഓഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗരത്തിൻ്റെ സായാഹ്ന, രാത്രി കാഴ്ചകൾ ടൂറിസ്റ്റുകള്‍ക്ക് വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് ബസിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
Next Story
Videos