
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോഡിംഗ് ടൂളായ വിന്‍ഡ്‌സര്‍ഫിനെ (Windsurf) ചാറ്റ് ജി.പി.ടി സ്ഥാപകരായ ഓപ്പണ്‍ എ.ഐ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബില്യന്‍ ഡോളറിനാണ് (ഏകദേശം 25,000 കോടി രൂപ) ഇടപാട് നടന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ വംശജനായ വരുണ്‍ മോഹനും ഡഗ്ലസ് ചെനും ചേര്‍ന്ന് 2021ല്‍ സ്ഥാപിച്ച എ.ഐ സോഫ്റ്റ്‌വെയര്‍ കോഡിംഗ് ടൂളാണ് വിന്‍ഡ്‌സര്‍ഫ്. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ പ്രോംപ്റ്റ് നല്‍കിയാല്‍ സോഫ്റ്റ്‌വെയറിന് ആവശ്യമായ കോഡുകള്‍ നിര്‍മിച്ച് നല്‍കുന്ന ടൂളാണിത്. കോഡിയം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി അടുത്തിടെ വിന്‍ഡ്‌സര്‍ഫ് എന്ന പേരിലേക്ക് മാറി.
ഫണ്ടിംഗ് ആവശ്യത്തിനായി നിരവധി നിക്ഷേപകരുമായി വിന്‍ഡ്‌സര്‍ സ്ഥാപകര്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ജനറല്‍ കാറ്റലിസ്റ്റ് 150 മില്യന്‍ ഡോളര്‍ (ഏകദേശം 1,265 കോടി രൂപ) നിക്ഷേപിച്ചപ്പോള്‍ 1.25 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 10,000 കോടി രൂപ) കമ്പനിയുടെ മൂല്യം കണക്കാക്കിയത്. 100 മില്യന്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം.
നിര്‍മിത ബുദ്ധി രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയ ചാറ്റ് ജി.പി.ടിയുടെ കോഡിംഗ് കഴിവുകള്‍ ഇരട്ടിയാക്കാന്‍ വിന്‍ഡ്‌സര്‍ഫിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ മോഡലുകളില്‍ കോഡിംഗ് കഴിവുകള്‍ മിനുക്കിയെങ്കിലും വിപണിയിലെ മത്സരം കടുത്തതാണ്. പ്രത്യേകിച്ചും ഡീപ്പ് സീക്ക് പോലുള്ള ചൈനീസ് എ.ഐ മോഡലുകള്‍ കുറഞ്ഞ ചെലവില്‍ വലിയ സാധ്യതകള്‍ ഓഫര്‍ ചെയ്യുമ്പോള്‍. പല ബെഞ്ച്മാര്‍ക്കുകളിലും ചാറ്റ് ജി.പി.ടിയേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എ.ഐ മോഡലുകളും വിപണയിലെത്തുന്നുണ്ട്.
ഇതിനിടയില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകളെയും ഓപ്പണ്‍ എ.ഐ ഏറ്റെടുത്തു. സെര്‍ച്ച് ആന്‍ഡ് ഡാറ്റബേസ് അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ റോക്ക്‌സെറ്റിനെ കഴിഞ്ഞ വര്‍ഷമാണ് ഓപ്പണ്‍ എ.ഐ സ്വന്തമാക്കിയത്. മറ്റൊരു എ.ഐ കോഡിംഗ് ടൂളായ കഴ്‌സറിനെ (Cursor) സ്വന്തമാക്കാന്‍ ഓപ്പണ്‍ എ.ഐ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒടുവില്‍ നറുക്ക് വിന്‍ഡ്‌സര്‍ഫിന് വീഴുകയായിരുന്നു.
OpenAI is set to acquire coding assistant startup Windsurf (formerly Codeium) for $3 billion to boost its AI coding capabilities.
Read DhanamOnline in English
Subscribe to Dhanam Magazine