

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ടെക് ഭീമന്മാരായ ഓപ്പണ്‍ എ.ഐ, മെറ്റ പ്ലാറ്റ്‌ഫോമുകള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇരുകമ്പനികളുടെയും നിര്‍മിത ബുദ്ധി സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള നിര്‍ണായക ചര്‍ച്ചയാണ് റിലയന്‍സുമായി നടന്നതെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ് ജി.പി.ടി സേവനങ്ങള്‍ റിലയന്‍സ് ജിയോ വഴി വിതരണം ചെയ്യാനാകുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നതായി ടെക് വെബ്‌സൈറ്റായ ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇരുകമ്പനികളുമായും ചര്‍ച്ച നടത്തിയെങ്കിലും എ.ഐ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ ഹോസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് റിലയന്‍സ്. ഇതുവഴി ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കാമെന്നാണ് കരുതുന്നത്. ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് പുതുതായി നിര്‍മിക്കുന്ന 3 ജിഗാ വാട്ട് ഡാറ്റ സെന്ററിലൂടെ ഇരുകമ്പനികളുടെയും എ.ഐ മോഡലുകള്‍ റണ്‍ ചെയ്യാനുള്ള നീക്കം കമ്പനി സജീവമാക്കിയിട്ടുണ്ട്. ലോകത്ത് നിലവിലുള്ള പല ഡാറ്റ സെന്ററുകളേക്കാളും വലിപ്പത്തിലുള്ളതാണ് ജാം നഗറില്‍ നിലവില്‍ വരുന്നത്. ഇതിനായി പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയില്‍ നിന്നും എ.ഐ ചിപ്പുകള്‍ വാങ്ങുമെന്ന് റിലയന്‍സ് അറിയിച്ചിരുന്നു.
ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നതിന് നിലവിലുള്ള നിരക്ക് കുറക്കാനുള്ള ചര്‍ച്ചകളും ഓപ്പണ്‍ എ.ഐ നടത്തുന്നുണ്ട്. ഇക്കാര്യം റിലയന്‍സുമായി ചര്‍ച്ച ചെയ്‌തോയെന്ന കാര്യം വ്യക്തമല്ല. നിലവില്‍ പ്രതിമാസം 20 ഡോളറാണ് ചാറ്റ് ജി.പി.ടി സേവനങ്ങള്‍ക്ക് ഓപ്പണ്‍ എ.ഐ ഈടാക്കുന്നത്. ഇത് 75-85 ശതമാനം വരെ കുറയ്ക്കാനാണ് ഓപ്പണ്‍ എ.ഐ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ വമ്പന്‍ വിലക്കുറവിലാകും ജിയോ വഴി ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ലഭിക്കുന്നത്. ജിയോയുടെ തുടക്കകാലത്ത് വമ്പന്‍ വിലക്കുറവ് നല്‍കി വിപണി പിടിച്ച തന്ത്രം റിലയന്‍സ് ഇവിടെയും പുറത്തെടുക്കുമെന്നാണ് കരുതുന്നത്.
നിര്‍മിത ബുദ്ധി മേഖലയില്‍ പുതിയ കമ്പനികളുടെ കടന്നു വന്നതോടെയാണ് ഓപ്പണ്‍ എ.ഐ മാറിച്ചിന്തിക്കുന്നത്. 2022ല്‍ ചാറ്റ് ജി.പി.ടി അവതരിപ്പിച്ച ഓപ്പണ്‍ എ.ഐ നിര്‍മിത ബുദ്ധി മേഖലയിലെ മുടിചൂടാ മന്നന്മാരായിരുന്നു. ഇതിനിടയില്‍ മെറ്റ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എക്‌സ് എ.ഐ തുടങ്ങിയ കമ്പനികള്‍ എത്തിയെങ്കിലും ഒന്നാം സ്ഥാനം ചാറ്റ് ജി.പി.ടി തന്നെ നിലനിറുത്തി. എന്നാല്‍ ചുരുങ്ങിയ ചെലവില്‍ എ.ഐ സേവനങ്ങളുമായി ചൈനയുടെ ഡീപ്പ് സീക്ക് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine