ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നു! മാജിക് ഒളിപ്പിച്ച് ജിപിടി-4.5 കളത്തില്‍; നിര്‍മിത ബുദ്ധിയില്‍ ഒന്നാമന്‍

ചിന്താശേഷിയുള്ള ഒരു വ്യക്തിയോട് സംസാരിക്കുന്നത് പോലുളള മോഡലാണിതെന്നും ഓപ്പണ്‍എഐ സി.ഇ.ഒ സാം ആൾട്ട്മാൻ
Sam Altman, chatgpt
Image courtesy: openai.com, Canva
Published on

നിലവിലുളളതില്‍ വെച്ച് ഏറ്റവും മികച്ച എ.ഐ അധിഷ്‌ഠിത പ്രോഗ്രാം എന്ന അവകാശവാദത്തോടെ ജിപിടി-4.5 പുറത്തിറക്കി ഓപ്പൺഎഐ. ലോകത്തെക്കുറിച്ചുള്ള വിശാലമായ അറിവും ആഴത്തിലുള്ള ധാരണയുമുളള ഈ മോഡലിന് വിശ്വാസ്യത കൂടുതലാണെന്നും ഓപ്പണ്‍എഐ പറയുന്നു.

പ്രോ ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും മാത്രമാണ് ഇപ്പോള്‍ ജിപിടി-4.5 ഉപയോഗിക്കാന്‍ സാധിക്കുക. വരും ആഴ്ചകളില്‍ മറ്റു ഉപയോക്താക്കള്‍ക്ക് കൂടി ഈ മോഡല്‍ ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

പ്രത്യേകതകള്‍

ചിന്താശേഷിയുള്ള ഒരു വ്യക്തിയോട് സംസാരിക്കുന്നത് പോലുളള മോഡലാണിതെന്ന് ഓപ്പണ്‍എഐ സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞു. മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മാജിക് 4.5 ല്‍ അടങ്ങിയിട്ടുണ്ടെന്നും ആൾട്ട്മാൻ പറഞ്ഞു. ഉയർന്ന വൈകാരിക ഘടകം ( Emotional quotient, EQ), വിശാലമായ വിജ്ഞാന അടിത്തറ, ഉപയോക്തൃ ഉദ്ദേശ്യം ട്രാക്ക് ചെയ്യാനുള്ള മെച്ചപ്പെട്ട കഴിവ് തുടങ്ങിയവ ജിപിടി 4.5 ന്റെ പ്രത്യേകതകളാണ്. എഴുതാനുളള കഴിവ്, പ്രോഗ്രാമിംഗ്, പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ജോലികൾക്ക് 4.5 ഉപയോഗപ്രദമാകും. കൂടാതെ അയഥാര്‍ത്ഥമായ ഉത്തരങ്ങള്‍ വളരെ കുറവായിരിക്കും ഈ മോഡലില്‍ നിന്ന് ലഭിക്കുകയെന്നും കമ്പനി അവകാശപ്പെടുന്നു.

വോയ്‌സ് മോഡ്, വീഡിയോ, സ്‌ക്രീൻ പങ്കിടൽ തുടങ്ങിയ മൾട്ടിമോഡൽ സവിശേഷതകളെ ജിപിടി-4.5 നിലവിൽ പിന്തുണയ്ക്കുന്നില്ല. ഭാവിയിലെ അപ്‌ഡേറ്റിൽ ഈ സവിശേഷതകൾ ഉണ്ടായേക്കാമെന്നും ഓപ്പണ്‍എഐ പറഞ്ഞു. ഒ3 മിനി, ഡീപ്സീക്ക് ആര്‍1 പോലുളള ഒരു റീസണിംഗ് മോഡലല്ല ജിപിടി 4.5.

എതിരാളികള്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം മേഖലയില്‍ കടുത്ത മത്സരമാണ് നിലവില്‍ നടക്കുന്നത്. ഇലോൺ മസ്‌കിന്റെ എക്സ്എഐ യുടെ ഗ്രോക്ക് 3 ഫ്രോണ്ടിയർ മോഡൽ, ഗൂഗിളിന്റെ ജെമിനി 2.0 ഫ്ലാഷ് റീസണിംഗ് മോഡൽ, ആമസോണിന്റെ പിന്തുണയുള്ള ആന്ത്രോപിക്കിന്റെ 3.7 സോണറ്റ് മോഡൽ, ചൈനയില്‍ നിന്നുളള ഡീപ്സീക്ക് തുടങ്ങിയവ പുറത്തിറങ്ങിയത് അടുത്തിടെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com