ഹെല്‍ത്ത്‌കെയര്‍ രംഗത്തും ചാറ്റ്ജിപിടി കടന്നുകയറ്റം; രോഗികളുടെ വിവരങ്ങള്‍ ചോരുമെന്ന് ആശങ്ക

ചാറ്റ്ജിപിടി ഹെല്‍ത്തിലെ സംഭാഷണങ്ങള്‍ പ്രത്യേകം സംഭരിക്കുമെന്നും എഐയെ പരിശീലിപ്പിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നുമാണ് കമ്പനിയുടെ വാദം
ഹെല്‍ത്ത്‌കെയര്‍ രംഗത്തും ചാറ്റ്ജിപിടി കടന്നുകയറ്റം; രോഗികളുടെ വിവരങ്ങള്‍ ചോരുമെന്ന് ആശങ്ക
Published on

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരായ ഓപ്പണ്‍എഐ രണ്ട് പുതിയ ചാറ്റ്ജിപിടി ഫീച്ചറുകള്‍ അവതരിപ്പിച്ചു. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരേപോലെ സഹായകരമായ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.

രോഗികളുടെ മെഡിക്കല്‍ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ അവതരിപ്പിച്ച് വ്യക്തമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നതാണ് തങ്ങളുടെ സേവനങ്ങളെന്നാണ് ഓപ്പണ്‍എഐയുടെ അവകാശവാദം. രോഗികളുടെ വ്യക്തിവിവരങ്ങളും ആരോഗ്യ ഡേറ്റകളും ചോര്‍ന്നു പോകുന്നതിന് ഇത് കാരണമാകുമെന്ന ആശങ്ക പലരും ഉയര്‍ത്തുന്നുണ്ട്.

ചാറ്റ്ജിപിടി ഹെല്‍ത്തിലെ സംഭാഷണങ്ങള്‍ പ്രത്യേകം സംഭരിക്കുമെന്നും എഐയെ പരിശീലിപ്പിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നുമാണ് കമ്പനിയുടെ വാദം. ഇവ രോഗനിര്‍ണയത്തിനോ ചികിത്സയ്ക്കോ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

അതേസമയം, ഉപയോക്താക്കളുടെ ആരോഗ്യ വിവരങ്ങള്‍ രഹസ്യമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് യുഎസിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. വിലപ്പെട്ട വിവരങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈയിലേക്ക് എത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യുഎസിലെ മനുഷ്യാവകാശ സംഘടനകളിലൊന്നായ സെന്റര്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് ടെക്‌നോജിയിലെ ആന്‍ഡ്രു ക്രോഫോര്‍ഡ് മുന്നറിയിപ്പ് നല്കുന്നു.

എന്തൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്?

ആരോഗ്യരംഗത്തിനായി ഓപ്പണ്‍എഐ രണ്ട് പ്രധാന ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തേത് ChatGPT for Healthcare. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കല്‍ തീരുമാനങ്ങള്‍ എടുക്കാനും, ചികിത്സാ രേഖകളും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും ലളിതമാക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലുടനീളം ഈ സംവിധാനം ഇതിനകം തന്നെ ഉപയോഗത്തിലായിട്ടുണ്ട്.

രണ്ടാമത്തേത് OpenAI API ആണ്. ആശുപത്രികളുടെയും ഹെല്‍ത്ത്ടെക് കമ്പനികളുടെയും ഡിജിറ്റല്‍ ഇക്കോസിസ്റ്റങ്ങളെ ശക്തിപ്പെടുത്തുന്ന സോഫ്റ്റ്വെയര്‍ പരിഹാരമാണിത്. ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ ഇതിനകം തന്നെ HIPAA മാനദണ്ഡം അനുസരിച്ച് ഇത് ഉപയോഗിക്കുന്നുണ്ട്.

എന്താണ് HIPAA?

അമേരിക്കയിലെ രോഗികളുടെ ആരോഗ്യ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി 1996ല്‍ കൊണ്ടുവന്ന നിയമമാണ് HIPAA ((Health Insurance Portability and Accountability Act).രോഗിയുടെ സമ്മതമില്ലാതെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടുന്നത് നിയന്ത്രിക്കുന്നതിനാണ് ഈ നിയമം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com